
ആലപ്പുഴ: വയോധികനിൽനിന്ന് ഓൺലൈൻ ഷെയർ ട്രേഡിങിന്റെ പേരിൽ 8.08 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. സേലം സ്വദേശി ഭാരതിക്കണ്ണൻ അംഗമുത്തു (23) ആണ് അറസ്റ്റിലായത്. വാട്സാപ്പ് കോളിലൂടെ ബന്ധപ്പെട്ട് ഷെയർ ട്രേഡിങ് കമ്പനി പ്രതിനിധിയാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പരാതിക്കാരനെക്കൊണ്ട് RARCII എന്ന വ്യാജ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ശേഷം 2025 സെപ്തംബർ 24 മുതൽ ഡിസംബർ 20 വരെ 73 തവണയായാണ് പണം തട്ടിയത്.
വ്യാജ ആപ്പിൽ ലാഭം കാണിച്ചും സി778 റിലയൻസ് ക്യാപിറ്റൽ ഇന്നോവേറ്റേഴ്സ് ഹബ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ മറ്റുള്ളവർക്ക് ലാഭം ലഭിച്ചെന്ന വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചുമാണ് പ്രതികൾ ഇരയുടെ വിശ്വാസം നേടിയത്. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സർവീസ് ചാർജ് ആവശ്യപ്പെട്ട് വീണ്ടും പണം തട്ടി. സഹപാഠിയായ ശബരീഷ് ശേഖറുമായി ചേർന്ന് ഭാരതിക്കണ്ണൻ സേലത്ത് വാലിയന്റ് സ്ട്രൈവ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി തുടങ്ങിയിരുന്നു. ഇതിന്റെ കറന്റ് അക്കൗണ്ടിലേക്ക് വയോധികനെ കൊണ്ട് 35.5 ലക്ഷം രൂപ അയപ്പിച്ചിരുന്നു. ഓട്ടോമൊബൈൽ എൻജിനിയറിങ് ബിരുദധാരികളാണ് ഇരുവരും. കൂട്ടുപ്രതി ശബരീഷ് ശേഖർ സമാനമായ കേസിൽ ട്രിച്ചി സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്. ഇയാളെയും കേസിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് ആലപ്പുഴ സൈബർ ക്രൈം പോലീസ് അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന ട്രേഡിങ് വിവരങ്ങൾ 90 ശതമാനവും വ്യാജമാണെന്നും ഡീമാറ്റ് അക്കൗണ്ട് ഇല്ലാതെ ഷെയർ ട്രേഡിങ് നടത്താനാകില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകി. മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam