Covid 19 : 'കേരളത്തിലെ 9 ജില്ലകളിലെ ടിപിആർ ഉയർന്ന നിലയിൽ', കൊവിഡ് കേസുകളിൽ ആശങ്കയറിയിച്ച് കേന്ദ്രം

By Web TeamFirst Published Dec 24, 2021, 5:03 PM IST
Highlights

എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ്  5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

ദില്ലി: കേരളത്തിലെ (Kerala) കൊവിഡ് (Covid 19) കേസുകളിൽ ആശങ്കയറിച്ച് വീണ്ടും കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലും മിസോറാമിലും കൊവിഡ് കേസുകൾ കുറയാത്തത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താ സമ്മേളനത്തിൽ പരാമർശിച്ചു. രാജ്യത്തെ 20 ജില്ലകളിൽ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി (TPR) നിരക്ക്. ഇതിൽ 9 എണ്ണം കേരളത്തിലാണ്. എറണാകുളം, ഇടുക്കി, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ്  5 ശതമാനത്തിന് മുകളിൽ ടിപിആർ ഇപ്പോഴുമുള്ളത്.

കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. വാക്സീൻ ബൂസ്റ്റർ ഡോസിന് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ല. സംസ്ഥാനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. രോഗവ്യാപനം തടയാൻ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാനങ്ങൾ ഇതുറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. 


ഒമിക്രോണ്‍ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ പോകാതെ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ഇ സഞ്ജീവനി ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌പെഷ്യാലിറ്റി ഒപികളാണ് ഇ സഞ്ജീവനിയിലുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ആകെ 5800 ഓളം ഡോക്ടര്‍മാരാണ് ഇ സഞ്ജീവനി വഴി സേവനം നല്‍കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒപിയില്‍ ഒമിക്രോണ്‍ സേവനങ്ങളും ലഭ്യമാണ്. കോവിഡ് രോഗ ലക്ഷണമുള്ളവര്‍ക്കും ക്വാറന്റൈനിലും സ്വയം നിരീക്ഷണത്തിലും കഴിയുന്നവര്‍ക്കും ഈ സേവനം തേടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ ഒരാള്‍ക്ക് വന്നാല്‍ മറ്റുള്ളവരിലേക്കും അവരുടെ കുടുംബത്തിലേക്കും അത് വളരെ വേഗത്തില്‍ വ്യാപിക്കും. അതിനാല്‍ എല്ലാവരും വളരെയേറെ ശ്രദ്ധിക്കണം. ആശുപത്രികളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ പോകുന്നവര്‍ എന്‍ 95 മാസ്‌കുകള്‍ ധരിക്കേണ്ടതാണ്. ഒരിക്കലും മാസ്‌ക് താഴ്ത്തി സംസാരിക്കരുത്.

click me!