
പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.
അതിനിടെ സംഭവത്തിൽ കുറ്റാരോപിതരായ ഡോക്ടർമാരെ പിന്തുണച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയും രംഗത്തെത്തി. കൈ നഷ്ടപ്പെട്ട കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നതായും കൈ മുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സാ സങ്കീർണതയാണെന്നും ഇവർ വാദിക്കുന്നു.
പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി എന്ന ഒൻപത് വയസുകാരിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെയാണ് പെൺകുട്ടിക്ക് പരിക്കേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കൈയിൽ പ്ലാസ്റ്റർ ഇട്ടു. ഇതിന് ശേഷവും കുട്ടിക്ക് വേദനയുണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് അമ്മ പറയുന്നു. അഞ്ച് ദിവസത്തിന് ശേഷം പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ച് അഴുകിയ നിലയിലായിരുന്നു. കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam