
തിരുവനന്തപുരം: സ്കോള്‍ കേരളയുമായി ബന്ധപ്പെട്ട് പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്‍റെ സഹോദരിയടക്കമുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്‍റെ ആരോപണത്തിനെതിരെ എ എ റഹീം.
സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട് പറഞ്ഞിട്ടില്ലെന്നും എന്തോ അനര്‍ഹമായത് എന്‍റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നുവെന്ന് തൃത്താലയില്‍നിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.
മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും...എന്ന വാചകത്തോടെയാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ അനിഷ്ടമാകുമെന്ന് അറിയാമെന്നും കുറിപ്പില്‍ പറയുന്നു.
എഎ റഹീമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപത്തില്‍
തൃത്താല മഹാരാജാവിന്‍റെ വിളംബരത്തിന് നന്ദി.
എന്‍റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും... ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എന്‍റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്‍റെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങൾ നന്നായി നടക്കട്ടെ.
പിന്നെ,
"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും....
സ്കോള്‍ കേരളയുമായി ബന്ധപ്പെട്ട് 80 ഓളം പുതിയ തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാൽ നിയമനം നടത്തേണ്ടത് പി എസ് സി ആണെന്ന് ഉത്തരവിൽ പറയുന്നുമില്ല. നിലവിൽ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ നീക്കം എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഗുണഭോക്താക്കളാകാൻ പോകുന്നത് ആരെല്ലാമായിരിക്കും എന്നത് കേരളമറിയേണ്ടതുണ്ട്. "വർഗീയത വേണ്ട, തൊഴിൽ മതി" എന്ന് ആഹ്വാനം ചെയ്ത് നാടുനീളെ ജാഥ നടത്തിയ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയാണ് ഒരാളെന്നുമായിരുന്നു വി ടി ബല്‍റാമിന്‍റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam