
തിരുവനന്തപുരം: തീരദേശപരിപാലന അതോറിറ്റിയുടെ പുനസംഘടന വിവാദത്തിൽ. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിൻറെ ഭാര്യയെ അതോറിറ്റിയിലെ നിയമവിദഗ്ദയായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതാണ് വിവാദമാകുന്നത്. തീരസംരക്ഷണ നിയമത്തിൽ പ്രാവീണ്യമില്ലാത്ത ഒരു വ്യക്തിയുടെ പേരുമാത്രം ശുപാർശ ചെയ്തതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നാണ് വിമർശനം.
സംസ്ഥാന തീരദേശപരിപാലന അതോറിറ്റിയുടെ കാലവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു അഞ്ചുവിദഗ്ദരും വിവിധ വകുപ്പ് സെക്രട്ടറിമാരും ചേരുന്നതാണ് അതോറിറ്റി. അഞ്ചുവിദഗ്ദരുടെ കാലാവധി കഴിഞ്ഞതിനാലാണ് അതോറിറ്റിയോഗം ചേരാൻ കഴിയാത്തത്. വിദഗ്ദരുടെ ഒഴിവുകളിലേക്ക് പേരുകള്‍ നിർദ്ദേശിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇതിൽ നിന്നും വിദഗ്ദരെ തെരഞ്ഞെടുത്ത് നിയമനം നൽകേണ്ടത് കേന്ദ്രവും. മരട് ഫ്ലാറ്റ് വിവാദമായതിന് പിന്നാലെയാണ് അഞ്ച് വിദഗ്ദരുടെ ഒഴുവിലേക്ക് ഈ മാസം ഏഴിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിലേക്ക് പേരുകള്‍ നിർദ്ദേശിച്ചത്. ഭൗമശാത്രവിദഗ്ദൻ, പരിസ്ഥിതിമേഖലയിൽ പ്രവർത്തിക്കുന്ന സംഘടന പ്രതിനിധി, ഫിഷറീസ് മേഖലയിലെ വിദഗ്ദൻ, ജൈവവൈവിധ്യമേഖയിലെ വിദഗ്ദൻ, നിയമവിദഗ്ധൻ എന്നീ തസ്തികളിലേക്കാണ് പേരുകള്‍ നിർദ്ദേശിച്ചത്. ഇതിൽ നിയമവിദ്ഗധയായിട്ടാണ് റഹീമിൻറെ ഭാര്യ അമൃത സതീശിൻറെ പേര് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത്.
എൽഎൽഎം ബിരുദധാരിയായ അമൃത സ്വാശ്രയ കോളജിലെ അധ്യാപികയാണ്. അഭിഭാഷകയായി ജോലിനോക്കിയിട്ടില്ല. പരിസ്ഥിതി-തീരദേശ വിഷയങ്ങളിൽ വേണ്ടത്ര പരിചയമില്ലാത്ത ഒരാളെ ഈ തസ്തികയിലേക്ക് ശുപാർശ ചെയ്യാൻ കാരണം രാഷ്ട്രീയ ഇടപെടല്‍ മാത്രമെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ പാനൽ പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് കേന്ദ്രസർക്കാരിന് കൈമാറിയത്. വിദഗ്ധരുടെ ഒഴിവുകളിലേക്ക് ഒന്നു മുതൽ മൂന്നുവരെ പേരുകള്‍ നിർദ്ദേശിക്കാം. ഇതിൽ നിന്നും ഒരാളെ കേന്ദ്രസർക്കാർ നിയമിക്കുകയാണ് കഴിഞ്ഞ കാലങ്ങളിൽ ചെയ്തിരുന്നത്. അമൃതയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിച്ച് സർക്കാർ നടത്തിയ ശുപാർശയിൽ താൻ ഒരു തരത്തിലും ഇടപെട്ടില്ലെന്ന് എ എ റഹീം പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam