KPCC Reshuffle : കെപിസിസിയിൽ താത്കാലിക വെടിനിർത്തൽ, പുനസംഘടനയുമായി സഹകരിക്കാൻ എ-ഐ ഗ്രൂപ്പുകൾ

By Web TeamFirst Published Dec 18, 2021, 1:56 PM IST
Highlights

പുതിയ നേതൃത്വം വന്നതിനെ പിന്നാലെ കെപിസിസിയിലുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് താത്കാലം ബ്രേക്ക്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന പാടില്ലെന്ന ഉറച്ച് നിലപാട് ഗ്രൂപ്പുകൾ മയപ്പെടുത്തി.

തിരുവനന്തപുരം: കെപിസിസി (KPCC) പുനസംഘടനയുമായി സഹകരിക്കാൻ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഉമ്മൻചാണ്ടിയുടേയും (Oomen Chandy) ചെന്നിത്തലയുടേയും (Chenithala) അഭിപ്രായങ്ങൾ കൂടി പരിഗണിക്കുമെന്ന് നേതൃത്വത്തിൻറെ ഉറപ്പിനെ തുടർന്നാണ് സമവായം. രാഷ്ട്രീയകാര്യസമിതി ഉടൻ വിളിക്കാനും തീരുമാനമായി. 

പുതിയ നേതൃത്വം വന്നതിനെ പിന്നാലെ കെപിസിസിയിലുണ്ടായ അഭിപ്രായ ഭിന്നതകൾക്ക് താത്കാലം ബ്രേക്ക്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന പാടില്ലെന്ന ഉറച്ച് നിലപാട് ഗ്രൂപ്പുകൾ മയപ്പെടുത്തി. ഗ്രൂപ്പ് നേതാക്കൾ പട്ടിക നൽകാത്തതിനാൽ പുനസംഘടന പാതിവഴിയിലായിരുന്നു. തദ്ദേശവാർഡുകളുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പടെ ഗ്രൂപ്പ് നേതാക്കളുടെ പിന്നോട്ട് പോക്ക് നേതൃത്വത്തെ വലയ്ക്കുകയും ചെയ്തു. 

ഭിന്നിപ്പിൻ്റെ പാതയിൽ മുന്നോട്ട് പോക്ക് എളുപ്പമല്ലെന്ന് വന്നതോടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയെയുമായി കെ സുധാകരനും വി ഡി സതീശനും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തി. മുതിർന്ന നേതാക്കളുടേയും അഭിപ്രായങ്ങൾ പരിഗണിക്കുമെന്നാണ് നേതൃത്വം നൽകിയ ഉറപ്പ്. സംഘടനാ തെരഞ്ഞെടുപ്പ് വൈകുമെന്നതിനാൽ പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഒടുവിൽ ധാരണയായി. ആദ്യം ബ്ലോക്ക് ജില്ലാ കമ്മിറ്റികൾ പുനസംഘടിപ്പിക്കാനാണ് തീരുമാനം. എന്നാൽ എല്ലാം ഗ്രൂപ്പുകൾക്ക് വഴങ്ങില്ലെന്ന സന്ദേശവും കെപിസിസി പ്രസിഡന്റ് നൽകുന്നുണ്ട്.

രാഷ്ട്രീയകാര്യസമിതി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന ഗ്രൂപ്പ് നേതാക്കളുടെ ആവശ്യവും അംഗീകരിച്ചു. താഴേത്തട്ടിലെ പുനസംഘടനക്ക് മാനദണ്ഡം നിശ്ചയിക്കാൻ അഞ്ചംഗസമിതിക്ക് കെപിസിസി രൂപം നൽകിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ നൽകുന്ന പേരുകൾ അതേ പടി കെപിസിസി നേതൃത്വം അംഗീകരിക്കുമോ എന്നുള്ളത് സമവായത്തിൻറെ ഭാവി നിശ്ചയിക്കും.

ഇന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട കെ.സുധാകരനും ഇന്നലെ രമേശ് ചെന്നിത്തലയും പാർട്ടിയിലെ അഭിപ്രായ ഭിന്നതകൾ താത്കാലികമായി പരിഹരിക്കപ്പെട്ടുവെന്ന സൂചനകൾ നൽകിയിരുന്നു. കെപിസിസി രാഷ്ട്രീയകാര്യ സമിതി ഉടനെ വിളിച്ചു ചേർക്കുമെന്ന് കെ.സുധാകരൻ ഇന്ന് അറിയിച്ചിരുന്നു. 
 

click me!