
കൊച്ചി: കേരളത്തിലെ നിര്‍മ്മാണ രംഗത്തെ നിയമലംഘകര്‍ക്ക് മരട് മുന്നറിയിപ്പായിരിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. ജനസാന്ദ്രതയും നിറയെ കെട്ടിടങ്ങളുമുള്ള മേഖലയില്‍ പോലും കൂറ്റന്‍ ബഹുനില മന്ദിരങ്ങള്‍ സുരക്ഷിതമായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കാവുന്ന മാതൃകയാണ് മരടില്‍ ഇന്നുകണ്ടത്. തീരദേശ നിയമവും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും ലംഘിച്ച് നിര്‍മ്മിച്ച നൂറുകണക്കിന് കെട്ടിടങ്ങളുള്ള കേരളത്തിന് മരടിലെ നടപടികള്‍ പുതിയ പാഠമാണ് നല്‍കുന്നത്.
ചട്ടം ലംഘിച്ചും നിര്‍മ്മാണം പൂര്‍ത്തിയാക്കിയാല്‍ പിന്നെ അധികാരികള്‍ക്ക് നടപടിയെടുക്കുക പ്രായോഗികമല്ലെന്ന നിയമ ലംഘകരുടെ ആത്മ വിശ്വാസം ഇതോടെ തീരുകയാണ്. എത്ര ജനസാന്ദ്രതയുള്ള മേഖലയിലും കെട്ടിടങ്ങള്‍ അതിസൂക്ഷമമായി നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാകുമെന്നാണ് മരടിലെ അനുഭവം പഠിപ്പിക്കുന്നത്. പ്രധാന നഗരങ്ങളിലും ഇത്തരം പ്രവര്‍ത്തി അനായാസം ചെയ്യാനാകുമെന്ന ഉറപ്പും ഇത്തരം ഏജന്‍സികള്‍ നല്‍കിക്കഴിഞ്ഞു. തീരദേശ നിയമം ലംഘിച്ച് പണിത കെട്ടിടങ്ങളുടെ പട്ടിക അടുത്തിടെ പുറത്തിറക്കിയിരുന്നു. മരടിലെ അനുഭവത്തോടെ ഇത്തരം കേസുകളും വീണ്ടും സംസ്ഥാനത്ത് സജീവമാകാനാണ് സാധ്യത
മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിനും ആശങ്കകൾക്കുമൊടുവിലാണ് മരടിലെ രണ്ട് ഫ്ലാറ്റുകൾ വിജയകരമായി പൊളിച്ചുനീക്കിയത്. ആദ്യ ദിനം ഹോളിഫെയ്ത് എച്ച്ടുഒയും ആൽഫ സെറിൻ ഇരട്ട കെട്ടിടവുമാണ് നിലംപൊത്തിയത്. സമീപത്തെ വീടുകൾക്ക് ചെറു പോറൽപോലുമേൽപ്പിക്കാതെ നിമിഷനേരം കൊണ്ട് ബഹുനിലകെട്ടിടം തകർക്കുന്ന സാങ്കേതിക മികവിന് കൂടിയാണ് മരടിൽ കേരളം സാക്ഷിയായത്. 19 നിലകളുള്ള ഹോളിഫെയ്ത്ത് എച്ച്ടുഒ നാല് സെക്കന്‍റുകള്‍ക്കുള്ളില്‍ തകർന്നുവീണ് കോൺക്രീറ്റ് കൂമ്പാരമായി മാറുകയായിരുന്നു. എച്ച്ടുഒ പൊളിച്ച് 25 മിനിറ്റിന് ശേഷമായിരുന്നു ആൽഫ സെറീനിൽ സ്ഫോടനം. 11.44 ന് ആൽഫയുടെ ആദ്യടവർ നിലം പൊത്തി. മരടിൽ ഇനി പൊളിച്ച് നീക്കാനുള്ളത് രണ്ട് പാർപ്പിട സമുച്ഛയമാണ്. ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവും. നാളെ ഉച്ചയോടെ അതും നിലംപതിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam