
കൊച്ചി: എറണാകുളം ഇളംകുളത്ത് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത തുടരുന്നു. മഹാരാഷ്ട്ര സ്വദേശിയെന്ന പേരിലാണ് ദമ്പതിമാര്‍ വീട് വാടകക്കെടുത്തതെങ്കിലും കൊല്ലപ്പെട്ട യുവതി നേപ്പാൾ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട യുവതിയുടേയോ കൊലപാതകത്തിനു ശേഷം കാണാതായ ഭര്‍ത്താവിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല.
യുവതിയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. യുവതിയും ഭർത്താവും വീട്ടുടമയ്ക്ക് നൽകിയിരുന്ന മേൽ വിലാസം വ്യാജമാണെന്ന് ഇതിനോടകം തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി ,റാം ബഹദൂർ എന്നീ പേരുകളിലാണ് ഇരുവരും വീട് വാടകയ്ക്ക് എടുത്തത്. രേഖകൾ വ്യാജമാണെന്ന് മനസിലായതോടെ ഇവരുടെ പേരടക്കമുള്ള മുഴുവൻ വിവരങ്ങളും കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയാണ് പൊലീസിന് മുന്നിലുള്ളത്.
ഇളംകുളം ഗിരി നഗറിലെ വാടകവീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു. ദിവസങ്ങളോളം പഴകിയ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് കഴിഞ്ഞ ദിവസം വീട് തുറന്ന് പരിശോധന നടത്തിയത്. വീട്ടിലോ പരിസരത്തോ കുറച്ച് ദിവസങ്ങളായി ആളനക്കം ഉണ്ടായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam