കസ്റ്റഡി പ്രതികളോട് ബ്രിട്ടീഷ് രീതി തുടർന്നാൽ പൊലീസിനെതിരെ കർശന നടപടി: എ കെ ബാലൻ

By Web TeamFirst Published Jun 30, 2019, 5:10 PM IST
Highlights

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുള്ള ഗുരുതരമായ മുറിവുകള്‍ രാജ്‍കുമാറിന്‍റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.  

തിരുവനന്തപുരം: പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ  മരിച്ച പ്രതി രാജ്‍കുമാറിന്‍റെ പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസുകാരെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതാണ്. പ്രതി രാജ്‍കുമാര്‍ മരിച്ചത് പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്നതാണ്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.  ബ്രിട്ടീഷ് രീതി തുടരുന്ന പൊലീസുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മന്ത്രി എ കെ ബാലന്‍. ചിലരില്‍ നിന്ന് ഇപ്പോഴും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നു. ഇങ്ങനെയുള്ളവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനാകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നുള്ള ഗുരുതരമായ മുറിവുകള്‍ രാജ്‍കുമാറിന്‍റെ ശരീരത്തിലുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.  രാജ്‍കുമാറിന്‍റെ ദേഹത്താകെ ഏഴ് ചതവുകളും 22 പരിക്കുകളും ഉണ്ട്. തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും കാണാം. മരണകാരണം ആന്തരിക മുറിവുകളെ തുടർന്നുണ്ടായ ന്യ‍ൂമോണിയയാണെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പറയുന്നു.

രാജ്‍കുമാറിന്‍റെ ദേഹത്ത് പ്രധാനമായും അരയ്ക്ക് താഴെയാണ് പരിക്കുകളുള്ളത്. പൊലീസ് ആരോപിക്കുന്നത് പോലെ നാട്ടുകാർ തല്ലിയതാണെങ്കിൽ ദേഹത്തെമ്പാടും പരിക്കുകളുണ്ടാകണമായിരുന്നു. എന്നാൽ അരയ്ക്ക് താഴെ കാൽവെള്ളയിലും തുടയിലുമാണ് രാജ്‍കുമാറിന് പ്രധാനമായും പരിക്കേറ്റിരിക്കുന്നത്. അതായത് കസ്റ്റഡിയിലിരിക്കെ തന്നെയാണ് രാജ്‍കുമാറിന് മർദ്ദനമേറ്റിരിക്കുന്നത് എന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 

click me!