
തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫ് വിവാദം അനാവശ്യമെന്ന് മുന്‍ മന്ത്രി എ കെ ബാലൻ. സജി ചെറിയാന്‍റെ സ്റ്റാഫിനെ വിഭജിച്ച് മറ്റ് മന്ത്രിമാർക്ക് നൽകിയത് കൊണ്ട് അധിക ചെലവ് ഇല്ലെന്നാണ് മുന്‍ മന്ത്രി എ കെ ബാലന്‍റെ ന്യായീകരണം.. ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അതിൽ മന്ത്രിമാരുടെ സ്റ്റാഫ് എണ്ണം 30 ആയിരുന്നുവെന്നും ബാലൻ കുറ്റപ്പെടുത്തു. ഇടത് സര്‍ക്കാര്‍ സ്റ്റാഫ് എണ്ണം 25 എന്ന് തീരുമാനിച്ചത് വഴി 60 കോടിയിലധികം രൂപ ലാഭിച്ചുവെന്നും ബാലൻ പ്രസ്താവനയിൽ പറഞ്ഞു.
ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ ജൂലൈ ആറിനാണ് സംസ്കാരിക, ഫിഷറീസ് മന്ത്രിയായിരുന്ന സജി ചെറിയാന് മന്ത്രി സ്ഥാനം രാജി വെച്ചത്. മന്ത്രി രാജി വെച്ചെങ്കിലും പേഴ്‌സണൽ സ്റ്റാഫിനെ വിടാൻ സർക്കാർ ഒരുക്കമല്ലെന്ന് തെളിയിക്കുകയാണ് സ്റ്റാഫുകൾക്ക് മറ്റ് മന്ത്രിമാരുടെ സ്റ്റാഫായിയുള്ള പുനർ നിയമന ഉത്തരവ്. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20-ാം തീയതി വരെ ദീർഘിപ്പിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. സജിയുടെ ക്ലർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കലടക്കം ആറ് പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിലാണ്. സജി ചെറിയാന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം നല്‍കിയത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്റ്റാഫ് ലിസ്റ്റിലാണ്. വി എൻ വാസവന്‍റെ സ്റ്റാഫിൽ അഞ്ച് പേരെയും നിയമിച്ചു. ഈ മൂന്ന് മന്ത്രിമാർക്കുമായിരുന്നു സജിയുടെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. ബാക്കി സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നവർ തിരികെ പോയി.
Also Read : 'നിയമമാണ് പ്രധാനം, വ്യക്തിയല്ല', പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ മാറ്റി നിയമിച്ചതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തി
രണ്ട് വർഷമെങ്കിലും സർവ്വീസ് ഉണ്ടെങ്കിലോ പേഴ്സണല്‍ സ്റ്റാഫിന് പെൻഷന് അർഹതയുള്ളൂ. അത് ഉറപ്പാക്കാനാണ് വീണ്ടും നിയമനം എന്നാണ് ഉയരുന്ന വിമര്‍ശനം. മാറ്റി നിയമനത്തിൽ സ്റ്റാഫ് എണ്ണത്തിലെ ഇടത് നയവും മറികടന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എൽഡിഎഫ് 25 ആക്കിയിരുന്നു. റിയാസിന്‍റെ സ്റ്റാഫിൻ്റെ എണ്ണം ഇപ്പോൾ 28 ആയി. രാഷ്ട്രീയ അടിസ്ഥാനത്തിൽ നിയമിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ കൊടുക്കുന്നതിൽ ഗവർണ്ണർ കടുത്ത എതിർപ്പായിരുന്നു പ്രകടിപ്പിച്ചത്. നിയമനങ്ങളുടെ വിവരം രാജ്ഭവന് കൈമാറിയ സർക്കാർ ഗവർണ്ണർ ആവശ്യപ്പെട്ട സ്റ്റാഫിന്‍റെ വിദ്യാഭ്യാസ യോഗ്യത അറിയിച്ചിട്ടില്ല.