മുല്ലപ്പെരിയാര്‍ മരംമുറി: ഉത്തരവാദി ബെന്നിച്ചന്‍ മാത്രമല്ല, കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് വനംമന്ത്രി

By Web TeamFirst Published May 18, 2022, 4:44 PM IST
Highlights

ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്‍റ് ചെയ്തിരുന്നു.

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറിയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കേണ്ടി വരുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ (A K Saseendran). ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ ഉത്തരവിറക്കിയതിന്‍റെ ഉത്തരവാദിത്തം ബെന്നിച്ചന് മാത്രമല്ല. സർവീസിൽ നിന്ന് മാറ്റിനിർത്താൻ തക്ക കുറ്റം ബെന്നിച്ചൻ ചെയ്തിട്ടില്ലെന്നും ശശീന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ബേബി ഡാം ശക്തിപ്പെടുത്താൻ മരം മുറിക്കാനായി തമിഴ്നാടിന് അനുമതി നൽകി ഉത്തരവിറക്കിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെന്‍റ് ചെയ്തിരുന്നു. അന്തർ സംസ്ഥാന നദീജല തർക്ക സമിതിയുടെ തീരുമാനം അനുസരിച്ച് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവിറക്കിയതെന്നായിരുന്നു ബെന്നിച്ചന്‍റെ വിശദീകരണം. ബെന്നിച്ചന്‍റെ സസ്പെൻഷന് എതിരെ ഐഎഫ്എസ് ഉദ്യോഗസ്ഥർ ശക്തമായി പ്രതിഷേധിച്ചു. സമ്മർദ്ദങ്ങളെ തുടർന്ന് ഒരു മാസത്തിനിടെ ബെന്നിച്ചൻ തോമസിനെ തിരിച്ചെടുത്തുവെങ്കിലും വകുപ്പ്തല അന്വേഷണം തുടർന്നു. 

ബെന്നിച്ചൻ തോമസിന്‍റെ വിശദീകരണം ശരിവയ്ക്കുന്ന വനംസെക്രട്ടറി, ഉത്തരവിന് പിന്നിൽ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നും സർക്കാരിന് റിപ്പോർട്ട് നൽകി. പക്ഷെ ബെന്നിച്ചൻ പൂർണ്ണമായും അന്വേഷണ റിപ്പോർട്ട് ന്യായീകരിക്കുന്നുമില്ല. നയപരമായ തീരുമാനമായതിനാൽ രേഖാമൂലമുള്ള നിർദ്ദേശപ്രകാരം വാങ്ങേണ്ട ജാഗ്രത പാലിക്കണമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. റിപ്പോർട്ട് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇപ്പോഴത്തെ വനംവകുപ്പ് മേധാവിയായ കേശവൻ വിരമിച്ചാൽ ഏറ്റവും സീനിയറായ ഐഎഫ്എഫ് ഉദ്യോഗസ്ഥൻ ബെന്നിച്ചൻ തോമസാണ്. വകുപ്പുതല അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ച് ബെന്നിച്ചൻ തോമസിനെ കുറ്റവിമുക്തനാക്കിയാൽ മാത്രമേ പുതിയ വനംമേധാവിയെ കണ്ടെത്താനുള്ള യോഗത്തിൽ ബെന്നിച്ചനെ പരിഗണിക്കാൻ കഴിയു. ഈ മാസം 20 നാണ് യോഗം. ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30ന് വിമരിക്കും. 

click me!