കൊല്ലം: ആര്യങ്കാവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനെ മര്‍ദിച്ചെന്ന പരാതിയിൽ തെന്മല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വിഷയത്തിൽ തെന്മല ഡിഎഫ്ഒ നൽകിയ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. യുവാവിനെ ക്രൂരമായി വനംവകുപ്പ് ഉദ്യോഗസ്ഥർ മര്‍ദിച്ചെന്ന വാര്‍ത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ തന്നെ വനംമന്ത്രി തെന്മല ഡിഎഫ്ഒയോട് റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഎഫ്ഒ നൽകിയത്. ജനങ്ങളോട് പാലിക്കേണ്ട പക്വത ഉദ്യോഗസ്ഥർ കാണിച്ചില്ലെന്നും ആരോപണ വിധേയര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പിസിസിഎഫ് പ്രമോദ് കൃഷ്ണയോടും മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഇന്നലെ വൈകിട്ട് കടമൻപാറയിലുള്ള പുരയിടത്തിൽ പോയി വരും വഴി വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ട് പോകുകയും അകാരണമായി മര്‍ദ്ദിച്ചുവെന്നുമാണ് പുതുശ്ശേരി സ്വദേശി സന്ദീപിന്‍റെ പരാതി. സെല്ലിൽ ചോരയൊലിപ്പിച്ച് നിൽക്കുന്ന യുവാവിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസെത്തിയണ് സന്ദീപിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ആര്യങ്കാവ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ എ ജിൽസണ്‍ അടക്കം കണ്ടാലറിയാവുന്ന ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെന്മല പൊലീസ് കേസെടുത്തു. കുറ്റക്കാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആര്യങ്കാവ് റെയിഞ്ച് ഓഫീസിന് മുന്നിൽ ഡിവൈഎഫ്, സിപിഐ പ്രവര്‍ത്തകർ പ്രതിഷേധിച്ചു.