
ഒരു കടലാസു കഷണം ഉണ്ടാക്കി വച്ച വല്ലാത്തൊരു പൊല്ലാപ്പിൽ പെട്ടുപോയിരിക്കുകയാണ് കോട്ടയം കുറിച്ചി സ്വദേശിയായ ജയമോന്‍. തന്റെ മേല്‍വിലാസമെഴുതിയ കടലാസ് കഷണം മാലിന്യ കൂനയില്‍ നിന്ന് കിട്ടിയതിന്‍റെ പേരില്‍ പതിനായിരം രൂപ പിഴയൊടുക്കണമെന്ന പഞ്ചായത്തിന്‍റെ ഭീഷണിക്ക് മുന്നില്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ജയമോന്‍. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടും പനച്ചിക്കാട് പഞ്ചായത്ത് ഇതൊന്നും കണക്കിലെടുക്കില്ലെന്നാണ് ജയമോന്‍റെ പരാതി.
സംഭവത്തിലേക്ക്...
കുറിച്ചി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ താമസക്കാരനാണ് എംബി ജയമോൻ. അലക്ഷ്യമായി മാലിന്യം തള്ളിയതിന് പതിനായിരം രൂപ പിഴയൊടുക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത പനച്ചിക്കാട് പഞ്ചായത്തിൽ നിന്നാണ് ജയമോന് നോട്ടീസ് ലഭിച്ചത്.
ജയമോന്റെ കുറിച്ചിയിലെ ഈ വീട്ടിൽ നിന്ന് പതിനഞ്ച് കിലോ മീറ്റർ അകലെ പനച്ചിക്കാട് പഞ്ചായത്തിലെ ഇരുപതാം വാർഡായ പൂവൻ തുരുത്ത് എന്ന സ്ഥലത്ത് കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിൽ നിന്ന് ജയമോന്റെ മേൽ വിലാസം എഴുതിയ കടലാസ് കിട്ടിയെന്നും അതുകൊണ്ട് മുഴുവൻ മാലിന്യവും ജയമോനാണ് തള്ളിയതെന്നുമുള്ള വിചിത്രമായ വാദമാണ് ഈ നോട്ടീസിൽ പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി ഉയർത്തിയിരിക്കുന്നത്. ജയമോൻ മാലിന്യം തള്ളിയതിന് സാക്ഷികളുള്ളതായി ഈ കത്തിൽ പഞ്ചായത്ത് പറയുന്നില്ല , സി സി ടി വി ദൃശ്യങ്ങളും ഇല്ല. ഇത്തരം ഒരു തെളിവും ഇല്ലാതെ വെറും ഒരു മേൽവിലാസം രേഖപ്പെടുത്തിയ കടലാസ് കിട്ടിയെന്ന കാരണം പറഞ്ഞ് പതിനായിരം രൂപ പിഴ ഒടുക്കണമെന്ന് പറയുന്നതിലെ യുക്തിയില്ലായ്മയാണ് ജയമോനും കുടുംബവും ചോദ്യം ചെയ്യുന്നത്.
വീട്ടിലെ മാലിന്യങ്ങൾ എല്ലാ മാസവും ഹരിത കർമ സേനയ്ക്ക് പണം നൽകി കൈമാറുന്നതിന്റെ രേഖകളും ജയമോന്റെ പക്കലുണ്ട്. മാലിന്യം നിർമാർജനം ചെയ്യണമെങ്കിൽ ആവശ്യത്തിലധികം സ്ഥലം തന്റെ വീട്ടരികിൽ തന്നെയുണ്ടെന്നും റെയിൽവെ ട്രാക്കിനോട് ചേർന്ന തന്റെ വീടും പരിസരവും ചൂണ്ടിക്കാട്ടി ജയമോൻ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്നാണ് പനച്ചിക്കാട് പഞ്ചായത്തിന്റെ ഭീഷണി. ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വന്നാല്‍ അങ്ങനെ തന്നെയെന്ന തീരുമാനത്തില്‍ ജയമോനും നില്‍ക്കുമ്പോള്‍ മേല്‍വിലാസം രേഖപ്പെടുത്തിയ ആ കടലാസ് കഷ്ണം കോടതി കയറുന്ന ലക്ഷണമാണ് കാണുന്നത്.