
കൊച്ചി: വിവാദങ്ങളിൽ പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് സുധാകരൻ പരിഹസിച്ചു. മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഇടത് മുന്നണി സർക്കാരിനെയും സിപിഎമ്മിനെതിരെയും ഉയർന്ന വിവാദങ്ങളിലോ അഴിമതി ആരോപണങ്ങളിലോ ഒന്നും മുഖ്യമന്ത്രി ഇതുവരയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ മകൾ വീണാ വിജയനെതിരെ മാസപ്പടി വാങ്ങിയെന്ന ആരോപണങ്ങളുമുയർന്നിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പിണറായി തയ്യാറായില്ല. ഇടത് മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയ വേളയിലും മുഖ്യമന്ത്രി വിവാദങ്ങളോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുധാകരന്റെ പരിഹാസം.
വാ തുറന്നാൽ കള്ളം മാത്രം പറയുന്ന പാർട്ടിയായ സിപിഎം, പക്ഷേ കരിവന്നൂർ ബാങ്ക് തട്ടിപ്പിൽ കുടുങ്ങി പോയെന്നും തുറന്നടിച്ചു. കരുവണ്ണൂരിൽ വലിയ തട്ടിപ്പാണ് നടന്നത്. സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി മൊയ്തീൻ പ്രതിയാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. അന്വേഷണം നടക്കട്ടെ, കുറ്റക്കാരെ പുറത്തു കൊണ്ടുവരട്ടെയെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ താൻ നൽകിയ മാനനഷ്ടകേസ് ഗൗരവമുള്ളതാണ്. ഗോവിന്ദനെ ശിക്ഷിക്കണമെന്നില്ല. എന്റെ നിരപരാധിത്വം തെളിയിക്കാനാണ് മാനനഷ്ടകേസുമായി മുന്നോട്ട് പോകുന്നതെന്നും സുധാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam