CPM Activist Murder : കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ്,സമാധാന അന്തരീക്ഷം തകര്‍ക്കുക ലക്ഷ്യമെന്ന് വിജയരാഘവന്‍

Published : Feb 21, 2022, 08:45 AM ISTUpdated : Feb 21, 2022, 09:01 AM IST
CPM Activist Murder : കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ്,സമാധാന അന്തരീക്ഷം തകര്‍ക്കുക ലക്ഷ്യമെന്ന് വിജയരാഘവന്‍

Synopsis

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്‍റെ ഗൂഢനീക്കമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു.

തിരുവനന്തപുരം:  കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്‍റെ (CPM Worker Haridas) കൊലപാതകം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ (A Vijayaraghavan). സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്‍റെ ഗൂഢനീക്കമാണിത്. സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ ദിനത്തില്‍ തന്നെ കൊല നടത്തിയത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എ വിജയരാഘവന്‍റെ വാക്കുകള്‍

സഖാവ് ഹരിദാസ് ആര്‍എസ്എസ് ആക്രമണത്തില്‍ കൊലപ്പെട്ടിരിക്കുകയാണ്. അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമായ സംഭവമാണിത്. കണ്ണൂര്‍ ജില്ലയില്‍ തികഞ്ഞ സമാധാന അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. സിപിഎമ്മിന്‍റെ ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിന്‍റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുയെന്ന ഗൂഢാലോചനയാണ് അക്രമത്തിന് പിന്നില്‍. അക്രമം സംഘടിപ്പിച്ചവരുടെ ലക്ഷ്യം നാട്ടില്‍ കലാപമുണ്ടാക്കുകയാണ്. ആര്‍എസ്എസ് അടയാളപ്പെടുത്തുന്നത് തന്നെ അക്രമത്തിലൂടെയാണ്. എല്ലാ സമാധാനകാംക്ഷികളും പ്രതിഷേധം രേഖപ്പെടുത്തേണ്ട സംഭവമാണിത്.

സിപിഐഎമ്മിന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ  ഭാഗമായി ഇന്ന് പതാക ദിനം ആചരിക്കുകയാണ്. ആ ദിവസം തന്നെ ആര്‍എസ്എസ് ആക്രമണം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. എല്ലാ വിഭാഗം ജനങ്ങളും ഇത്തരം തെറ്റായ നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാന്‍ തയ്യാറാകണം. കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ചാണ് ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടാകെ പ്രതിഷേധം രേഖപ്പെടുത്തണം. സംഘപരിവാറിനെ ഒറ്റപ്പെടുത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ തയ്യാറാകണം എന്ന് നമ്മളെ ബോധ്യപ്പെടുത്തന്ന സംഭവമാണിത്. 

  • സിപിഎം പ്രവർത്തകന്‍റെ കൊല; ആരോപണം നിഷേധിച്ച് ബിജെപി; കൊലയിൽ പങ്കില്ലെന്ന് നേതൃത്വം

ഹരിദാസിന്‍റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണം നിഷേധിച്ച് ബിജെപി. യാഥാർഥ്യം മനസിലാക്കാതെയാണ് സിപിഎം പ്രതികരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ് പറഞ്ഞു. ബിജെപിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബിജെപിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോയെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസ് ചോദിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സിപിഎം പ്രവർത്തകനും മൽസ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്‍റെ കാൽ പൂർണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഹരിദാസിനു നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ​ഗുരുതരാവസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സിപിഎം ബ‌ി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷിന്‍റെ പ്രസംഗത്തിന് ശേഷമാണ് കൊലപാതകം നടന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിൽ നടത്തിയത് പ്രകോപനപരമായ പ്രസംഗമാണെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും