'ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം'; മുഹമ്മദ് റിയാസിന് പിന്തുണയുമായി സിപിഎം

By Web TeamFirst Published Oct 15, 2021, 6:32 PM IST
Highlights

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. 

തിരുവനന്തപുരം: കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍(mla) കാണാൻ വരരുതെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ (muhammed riyas) പ്രസ്താവനയ്ക്ക് പൂര്‍ണ്ണ പിന്തുണയുമിയി സിപിഎം(cpm). മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്‍റെ പൊതു നിലപാട് അനുസരിച്ചാണെന്നും മന്ത്രിക്ക് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണയാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍(A Vijayarghavan) പറഞ്ഞു. ശുപാർശകൾ ഇല്ലാതെ കാര്യങ്ങൾ വേഗത്തിൽ നടക്കണം, അതാണ് ഈ സർക്കാരിന്‍റെ  നിലപാടെന്നും വിജയരാഘവന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കരാറുകാരെക്കൂട്ടി എംഎല്‍എമാര്‍ കാണാൻ വരരുതെന്ന മന്ത്രി മുഹമ്മദ് റിയാന്‍റെ പ്രസ്താവന പ്രതിപക്ഷ എംഎല്‍എമാര്‍ വിവാദമാക്കിയിരുന്നു. എന്നാല്‍ താൻ പറഞ്ഞതിൽ  ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച  മന്ത്രി, ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താൻ വ്യക്തമാക്കിയതെന്നും കോഴിക്കോട്ട് പറഞ്ഞു. ''കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ താൻ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടിൽ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചു. എന്നാൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല.  പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല- റിയാസ് വ്യക്തമാക്കി.

നിയമസഭയില്‍ പറഞ്ഞത് നല്ല ബോധ്യത്തോടെയാണ്. പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. ചില കരാറുകാരും ഉദ്യോഗസ്ഥരുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട്. ഇത് അംഗീകരിക്കാനാവില്ല. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലങ്ങളിലെ പ്രശ്നങ്ങളുമായി മന്ത്രിയെ കാണാം. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലെ കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇനി റോഡുകളും പാലങ്ങളും നിര്‍മ്മിക്കുമ്പോള്‍ അതില്‍ കരാറുകാരുടേയും ഉദ്യോഗസ്ഥരുടേയും ഫോണ്‍ നമ്പറുകള്‍ കൂടി ഉള്‍പ്പെടുത്തും. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് അക്കാര്യങ്ങള്‍ ഉടനടി ബന്ധപ്പെട്ടവര അറിയിക്കാനാണിതെന്നും മന്ത്രി പറഞ്ഞു.

click me!