
കൽപ്പറ്റ: കോൺഗ്രസിന് ഒറ്റ ശത്രുവേയുള്ളൂവെന്നും അത് ഇടതുപക്ഷമാണെന്നും സിപിഎം പിബി അംഗം എ.വിജയരാഘവൻ. വയനാട്ടിൽ ഇടത് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികൾ തമ്മിൽ അല്ല മത്സരം നടക്കുന്നത്. രാഷ്ട്രീയ നിലപാടുകൾ തമ്മിലാണ്. തൃശ്ശൂരിൽ എൽഡിഎഫ് ബിജെപിയെ സഹായിച്ചെന്ന് കോൺഗ്രസ് പറയുന്നു. കളവ് പറയുന്നതിനും ഒരു മാന്യത വേണം. സ്വന്തം വോട്ട് കൂട്ടിയ എൽഡിഎഫ് എങ്ങനെ ബിജെപിയെ സഹായിക്കും? ഇടതു വിരുദ്ധരെ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ സ്വീകാര്യരാക്കുന്നു. ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ കോൺഗ്രസിനാകില്ല. നല്ല കോൺഗ്രസുകാർ പാർട്ടി വിട്ട് പുറത്തേക്ക് വരുന്ന സ്ഥിതിയാണ്. വിദ്യാസമ്പന്നനായ, സാമൂഹ്യ സേവന സന്നദ്ധനായ ആൾ പുറത്തേക്ക് വന്നതാണ് പാലക്കാട് കണ്ടതെന്നും ഡോ.പി.സരിൻ്റെ വിഷയം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ നന്നായി പ്രവർത്തിക്കണമെന്ന് പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. പത്രങ്ങളിൽ പലതും ഉണ്ടാകും. രാഷ്ട്രീയം ഉണ്ടാവില്ല. പക്ഷെ കെട്ടിപിടിച്ചു, ചായക്കടയിൽ കയറി, പപ്പടവട കഴിച്ചു അങ്ങനെ പലതും ഉണ്ടാകും. തെരഞ്ഞെടുപ്പ് എളുപ്പമാണെങ്കിൽ അൻവർ സതീശനെ കാണാൻ പോകുമോയെന്ന് ചോദിച്ച അദ്ദേഹം പാലക്കാട്ടെ അൻവറിൻ്റെ കൺവൻഷനെ വിമർശിച്ചു. ഇന്നലത്തെ പ്രകടനം കണ്ടപ്പോഴാണ് അൻവറിന്റെ കരുത്ത് ശരിക്കും മനസിലായതെന്നും സിനിമ ഷൂട്ടിങ്ങിന് പോകുന്ന പോലെയാണ് പ്രകടനത്തിന് ആളെയെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള അൻവറിന്റെ പിന്തുണയാണ് സതീശനും സുധാകരനും തേടിയതെന്നും എ.വിജയരാഘവൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam