
ബെംഗളൂരു: വ്രതശുദ്ധിയുടെ ദിനങ്ങള്‍ക്ക് ശേഷം ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പെരുന്നാള്‍ നമസ്കാരത്തെക്കുറിച്ച് പങ്കുവെച്ച് പിഡിപി സ്ഥാപകന്‍ അബ്ദുല്‍ നാസര്‍ മദനി. ഫേസ്ബുക്കിലൂടെയാണ് പെരുന്നാളിനെപ്പറ്റിയുള്ള കുറിപ്പ് മദനി പങ്കുവെച്ചത്.
ലക്ഷക്കണക്കിന് ആളുകള്‍ നമസ്കരിക്കുന്ന പ്രശസ്തമായ ഈദുഗാഹ് ഉണ്ടായിട്ടും ബെംഗളൂരുവിലെ മുറിക്കുള്ളിലാണ് നമസ്കരിച്ചതെന്നും ഭരണകൂടം കല്‍പ്പിച്ചു തന്ന പാരതന്ത്ര്യത്തിന്‍റെ പരിമിതി കൊണ്ടാണ് ഇതെന്നും മദനിയുടെ കുറിപ്പില്‍ പറയുന്നു. 'മറ്റുള്ളവർ എങ്ങനെയായാലും നമ്മുടെ മാത്രം സന്തോഷമാണ് പരമപ്രധാനം എന്ന ഹീനമായ സ്വാർത്ഥതയുടെ തടവിൽ നിന്നു നാം ഓരോരുത്തരും മോചിതരാകേണ്ടതുണ്ട്. എങ്കിലേ നാം വിശുദ്ധ ഖുർആൻ വിവക്ഷിക്കുന്ന വിശ്വാസിയാവുകയുള്ളൂ.....ഈ പീഡന വേളയിൽ എനിക്കു കഴിയുന്നതും പ്രാർത്ഥിക്കാൻ മാത്രമാണ്' -മദനി കുറിച്ചു.
മദനിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...
ഞാനും പെരുന്നാൾ നമസ്കരിച്ചു...💐💐💐💐💐💐
ബാംഗ്ളൂരിലെ വാടക വീട്ടിലെ മുറിക്കുള്ളിൽ ഞാനും കുടുംബവും സഹായികളും ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.
തൊട്ടടുത്തു തന്നെ ലക്ഷങ്ങളുടെ നമസ്കാരം നടക്കുന്ന പ്രശസ്തമായ ഈദുഗാഹ് ഉണ്ടായിട്ടും ഭരണകൂടം കല്പിച്ചുനൽകിയ പാരതന്ത്ര്യത്തിന്റെ പരിമിതി കാരണം മുറിക്കുള്ളിൽ നമസ്കരിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
രാവിലെ നമസ്കരിക്കാൻ തയ്യാറെടുക്കുന്നതിനിടെ whatsaapp ഒന്ന് ഓടിച്ചു നോക്കിയപ്പോൾ പ്രിയ സഹോദരൻ മജീഷ്യൻ മുതുകാട് പെരുന്നാൾ സന്ദേശമായി അയച്ചുതന്ന ഒരു വീഡിയോ കണ്ടു.സിറിയയിലെ പിഞ്ചോമനകളുടെ പെരുന്നാൾ ദിനത്തിലെ മനസ്സുതകർന്നു പോകുന്ന കാഴ്ചകളായിരുന്നു അതിൽ.
"പെരുന്നാളിന് എന്താണ് ആഗ്രഹിക്കുന്നത്?" എന്നു ചോദിക്കുന്നചാനൽ പ്രവർത്തകനോട് "എന്റെ വാപ്പയെ കാണാനാണ്"
എന്നു പറയുന്ന ഒരു പിഞ്ചുബാലികയോട് "വാപ്പ എവിടെയാണുള്ളത്" എന്നു വീണ്ടും ചോദിച്ചപ്പോൾ "വാപ്പ മരിച്ചുപോയി" എന്ന് പറയുന്ന പൊന്നുമോൾ ഉൾപ്പെടെ,ഒരു കഷണം റൊട്ടിക്കും ധരിക്കാൻ ഒരു വസ്ത്രത്തിനുമൊക്കെ യാചിക്കുന്ന അനവധി നിസ്സഹായ ബാല്യങ്ങൾ....
പുത്തനടുപ്പും കൈനിറയെ ആവശ്യപ്പെടുന്ന എല്ലാ കളിപ്പാട്ടങ്ങളുമൊക്കെ നൽകി പ്രിയ മക്കളോടൊപ്പം പെരുന്നാൾ കൊണ്ടാടുന്ന എന്റെ പ്രിയ സഹോദരങ്ങൾ പെരുന്നാൾദിനത്തിലും ഒരു കഷണം റൊട്ടിക്കായി കേഴുന്ന യമനിലെയുംസിറിയയിലെയുമൊക്കെ പിഞ്ചു മക്കളെ മറക്കാതിരിക്കുക!
മുന്നിലിരിക്കുന്ന പെരുന്നാൾ ഭക്ഷണത്തിന്റെ തളികയിലേക്കു പോലും ജൂതപ്പരിഷകൾ വർഷിക്കുന്ന ബോംബുകളുടെ ചീളുകൾ വന്നു വീഴുന്നത് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഗസ്സയിലെ ഉമ്മ പെങ്ങന്മാരെ വിസ്മരിക്കാതിരിക്കുക!
വിശുദ്ധ ഖുർആൻ മനഃപ്പാഠമാക്കിയ സന്തോഷത്തിനു പ്രിയ മാതാവ് നൽകിയ ചെറിയ തുകയുമായി ഒരുജോഡി വസ്ത്രമെടുക്കാൻ യാത്ര ചെയ്ത ട്രെയിനുള്ളിൽ വെച്ചു അകാരണമായി കൊല്ലപ്പെട്ട ജുനൈദ് എന്ന പൊന്നുമോന്റെയും രോഹിത് വെമുലയുടെയും നജീബിന്റെയുമൊക്കെ
കണ്ണീർകയത്തിൽ കഴിയുന്ന പ്രിയ മാതാക്കളെയുമെല്ലാം ഈ സുദിനത്തിൽ നാം ഓർക്കുക!
ജാതി-മത-ദേശ ഭേദമന്യേ ഭൂമിയിലെ മുഴുവൻ മർദ്ദിതരോടും ഐക്യപ്പെടാനും അവരെയൊക്കെ സഹായിക്കാനും അവർക്ക് വേണ്ടി പ്രാർഥിക്കാനും ഈ സുദിനത്തിൽ നമുക്ക് കഴിയേണ്ടതുണ്ട്.
മറ്റുള്ളവർ എങ്ങനെയായാലും നമ്മുടെ മാത്രം സന്തോഷമാണ് പരമപ്രധാനം എന്ന ഹീനമായ സ്വാർത്ഥതയുടെ തടവിൽ നിന്നു നാം ഓരോരുത്തരും മോചിതരാകേണ്ടതുണ്ട്. എങ്കിലേ നാം വിശുദ്ധ ഖുർആൻ വിവക്ഷിക്കുന്ന വിശ്വാസിയാവുകയുള്ളൂ.....ഈ പീഡന വേളയിൽ എനിക്കു കഴിയുന്നതും പ്രാർത്ഥിക്കാൻ മാത്രമാണ്.
ഞാനും കുടുംബവും ഒപ്പമുള്ളവരും നമസ്കാര ശേഷം കണ്ണീരോടെ തന്നെ നാഥനോട് പ്രാർത്ഥിച്ചു.
നമ്മുടെയെല്ലാം പ്രാർത്ഥനകൾ സർവാധിപതിയായ രക്ഷിതാവ് സ്വീകരിക്കുമാറാകട്ടെ!!!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam