ശ്രമിച്ചത് ആശ്വാസം പകരാന്‍; തന്‍റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: അബ്ദുൾ വഹാബ് എം പി

Published : Sep 14, 2019, 11:34 AM IST
ശ്രമിച്ചത് ആശ്വാസം പകരാന്‍; തന്‍റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം: അബ്ദുൾ വഹാബ് എം പി

Synopsis

പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അബ്‌ദുൾ വഹാബ് എം പി

മലപ്പുറം: ശ്രമിച്ചത് വന്‍ദുരന്തത്തില്‍ ജീവനുകള്‍ പൊലിഞ്ഞ കുടുംബങ്ങള്‍ക്ക് പ്രതീക്ഷയും ആശ്വാസവും പകരാനെന്ന് പിണറായി വിജയനെ  പുകഴ്ത്തിയുള്ള പ്രസംഗത്തിന് വിശദീകരണവുമായി മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ അബ്‌ദുൾ വഹാബ്. പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അബ്‌ദുൾ വഹാബ് എം പി വ്യക്തമാക്കി. 

സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത്‌ സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക്‌ എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചുവെന്നും അബ്‌ദുൾ വഹാബ് കൂട്ടിച്ചേര്‍ത്തു. നഷ്ടപരിഹാര തുക ഉടൻ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം വേദിയിലുള്ള സർക്കാർ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തിൽ പതിയാൻ കൂടിയായിരുന്നുവെന്നും അബ്‌ദുൾ വഹാബ് വ്യക്തമാക്കി.

തന്‍റെ പേരിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും  പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നുവെന്നും അബ്ദുൾ വഹാബ് എംപി വിശദമാക്കി. 

അബ്ദുൾ വഹാബ് എം പിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം


പ്രളയകാലത്തു നിലമ്പൂരിൽ ജീവൻ നഷ്ടപ്പെട്ട 59 പേരുടെ കുടുംബങ്ങളെ വിളിച്ചു ചേർത്ത്‌ സർക്കാർ നടത്തിയ യോഗത്തിലെ എന്റെ പ്രസംഗത്തിൽ നിന്ന് ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ സോഷ്യൽ മീഡിയയിൽ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി മനസ്സിലാക്കുന്നു.

നാടിനെ ഞെട്ടിച്ച വൻ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും ജീവനുകൾ പൊലിഞ്ഞതിന്റെ വേദനയിൽ നിന്നും മോചിതരാവാത്ത കുടുംബങ്ങൾക്ക്‌ മുമ്പിൽ അവർക്ക്‌ അൽപമെങ്കിലും പ്രതീക്ഷയും ആശ്വാസവും നൽകാനാണു ഞാൻ ശ്രമിച്ചത്‌.

സർക്കാർ സംവിധാനങ്ങൾ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണു ഈ യോഗത്തിൽ പറഞ്ഞത്. കഴിഞ്ഞ വർഷം പണം കൈയിൽ ഉണ്ടായിട്ടും അത്‌ സമയബന്ധിതമായി ചിലവഴിക്കാനോ ആളുകൾക്ക്‌ എത്തിക്കാനോ സാധിച്ചിട്ടില്ല എന്ന വിമർശനവും ഉന്നയിച്ചു.
നഷ്ടപരിഹാര തുക ഉടൻ ലഭ്യമാവും എന്നു പറഞ്ഞത് ആ കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതോടൊപ്പം വേദിയിലുള്ള സർക്കാർ പ്രതിനിധികളുടെ ശ്രദ്ധ വിഷയത്തിൽ പതിയാൻ കൂടിയായിരുന്നു. മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പ്രിയപ്പെട്ട കെ.പി.എ മജീദ് സാഹിബ് ആവശ്യപ്പെട്ട 10 ലക്ഷം മാത്രമല്ല, അതിലേറെയാണ് ജീവന്റെ വില എന്നാണ് അദ്ദേഹത്തെ പരാമർശിച്ച വാചകം. അതും ചിലർ വളച്ചൊടിച്ചു. രാഷ്ട്രീയ വൈരാഗ്യങ്ങൾ വെടിഞ്ഞ്‌ ഒറ്റക്കെട്ടായാണ് നമ്മൾ ദുരന്തങ്ങളെ നേരിടാറുള്ളത്. എന്റെ നേതാക്കൾ എന്നെ പഠിപ്പിച്ചതും അതാണ്‌.

ദുരന്ത ഭൂമിയിൽ കഷ്ടതയനുഭവിക്കുന്നവർക്ക്‌ സഹായം ലഭ്യമാവുന്ന ഏതു പദ്ധതിയോടും സഹകരിച്ച്‌ മുന്നോട്ട്‌ പോവുക എന്നതായിരുന്നു ആ സമയത്ത്‌ ഞാൻ സ്വീകരിച്ച സമീപനം.
റീ ബിൽഡ്‌ നിലമ്പൂർ പദ്ധതിയിൽ അവർ എന്നെ ഉൾപെടുത്തിയപ്പോൾ അതു സമ്മതിച്ചതും ഈ നയത്തിന്റെ ഭാഗമായിട്ടാണ്‌. ഒരു ജനപ്രതിനിധി എന്ന നിലയിൽ വികസന കാര്യങ്ങളിൽ നിന്ന് വിട്ട്‌ നിൽക്കാൻ സാധിക്കില്ലല്ലോ.

ആളുകളിൽ ആശ്വാസം നൽകുന്ന തരത്തിൽ ഞാൻ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം അടർത്തിയെടുത്ത്‌ പ്രചരിപ്പിക്കുന്നവരുടെ രഷ്ട്രീയ ദുഷ്ടലാക്ക്‌ പ്രവർത്തകർ മനസ്സിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇടതുപക്ഷ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരിൽ ഒരു പ്രതിപക്ഷ പാർട്ടി എന്ന നിലക്ക്‌ യു ഡി എഫ്‌ സ്വീകരിക്കുന്ന നിലപാടുകളെ എന്നും ഉറക്കെ പറയാൻ ഒരു മടിയുമില്ല.

എന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നയനിലപാടുകൾക്ക്‌ എതിരായ പരാമർശങ്ങൾ വന്നിട്ടുണ്ടെങ്കിൽ, പ്രവർത്തകർക്ക്‌ അതിൽ വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ നിർവ്യാജം ഖേദപ്രകടനം നടത്തുകയാണ്‌. എന്റെ സഹപ്രവർത്തകരുടെ തലകുനിയുന്നതിനു ഞാൻ കാരണമാവില്ല. പ്രിയ പിതാവിന്റെ വഴി പിന്തുടർന്നാണ് ഞാൻ എം.എസ്.എഫിൽ എത്തിയത്. പിന്നീട് ഒരു സാധാരണ സംഘടന പ്രവർത്തകനായി തുടർന്നതിനാൽ എനിക്ക്‌ പാർട്ടി പ്രവർത്തകരുടെ വികാരം മനസ്സിലാവും. നിലമ്പൂരിന്റെ വീണ്ടെടുപ്പിനു ഞാൻ എപ്പോഴും മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കും എന്നു കൂടി ഉറപ്പ്‌ നൽകുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും