"അനീതിയുടെ അഭയാഹരണം" അഭയ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സത്യദീപം മുഖപ്രസംഗം

By Web TeamFirst Published Jan 7, 2021, 7:38 PM IST
Highlights

അനീതിയുടെ അഭയാഹരണം എന്ന പേരിലാണ് പ്രതികളെ പിന്തുണച്ച് കൊണ്ടുള്ള എഡിറ്റോറിയൽ. സിറോ മലബാ‌ർ സഭ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യ ദീപം.

കൊച്ചി: അഭയാ കേസ് വിധിയിൽ സംശയം പ്രകടിപ്പിച്ച് സിറോ മലബാർ സഭാ എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിന്‍റെ മുഖപ്രസംഗം. കോടതി വിധിയിലൂടെ ഉണ്ടായത് സന്പൂ‍ർണ സത്യമാണോയെന്ന് സംശയമുണ്ടെന്നും കേസന്വേഷണത്തിന്‍റെ നാൾ വഴികളിൽ സ്ത്രീത്വം അപമാനിക്കപ്പെട്ടെന്നും മുഖപ്രസംഗത്തിലുണ്ട്.

അഭയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കൊട്ടൂരും സിസ്റ്റർ സ്റ്റെഫിയും മേൽക്കോടതിയിൽ അപ്പീൽ നൽകാനിരിക്കെയാണ് അനീതിയുടെ അഭയാഹരണം എന്ന പേരിൽ സത്യദീപത്തിന്‍റെ എഡിറ്റോറിയൽ. അഭയയ്ക്ക് നീതി കൊടുക്കാനുളള ശ്രമത്തിനിടയിൽ മറ്റുളളവർക്ക് നീതി നിഷേധിക്കപ്പെട്ടോ എന്ന സംശയവുമുള്ളതായി മുഖപ്രസംഗത്തിൽ പറയുന്നു. 

കേസ് അന്വേഷണത്തിന്‍റെ നാൾ വഴികൾ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ കൂടിയായത് സാംസ്കാരിക കേരളത്തിന്‍റെ അപചയ വൈകൃതമാണ് ചൂണ്ടിക്കാട്ടുന്നതെന്നാണ് സഭ മുഖപത്രത്തിൽ പറയുന്നത്. പൊതുബോധ നിർമിത കഥയായ ലൈഗിക കൊലയെന്ന ജന പ്രിയ ചേരുവ വിധിയിലും വിന്യസിക്കപ്പെട്ടെന്ന് സംശയിക്കുന്നവരുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിചാരണ തീരും മുമ്പേ സാമൂഹ്യമാധങ്ങൾ വഴി വിധി വന്നുവെന്ന വൈരുദ്ധ്യവുമുണ്ടെന്നും വൈകിവന്ന വിധിയിൽ അഭയനീതി പൂർത്തീകരിക്കപ്പെടുക മേൽക്കോടതിയിലെന്നും മുഖപ്രസംഗം പറയുന്നു. 

വൈകുന്ന നീതി അനീതിയാണ്. ആൾക്കൂട്ടത്തിന്‍റെ അന്ധനീതിയിൽ അമ‍ർന്നുപോയ ആനേകായിരങ്ങൾ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലെ നിശബ്ദ നിലവിളികളായി തുടരുന്നുണ്ടെന്നും ജനകീയ സമ്മ‍ർദ്ദത്തെയും മാധ്യമവിചാരണയേയും അതിജയിച്ച് നീതി ജലം പോലെ നീതിന്യായ കോടതിയിലും ദൈവത്തിന്‍റെ കോടതിയിലും ഒഴുകട്ടെ എന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്.
 

 

click me!