എന്‍റെ മോള്‍ക്ക് മരിക്കാന്‍ വേണ്ടിയാണോ വീട് വെച്ചേ? സര്‍ക്കാരിന് ഇനി എന്ത് നടപടിയും എടുക്കാമെന്ന് അച്ഛന്‍

By Web TeamFirst Published Sep 21, 2022, 8:53 AM IST
Highlights

ബാങ്കിനോട് അല്‍പ്പം കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും അഭിരാമിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊല്ലം: മകളെ നഷ്ടപ്പെടുത്തിയത് ജപ്‍തി ബോര്‍ഡെന്ന് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍. ബോര്‍ഡ് തൂക്കിയത് മകളെ ഏറെ വിഷമത്തിലാക്കിയെന്ന് അജികുമാര്‍ പറഞ്ഞു. 'ബോര്‍ഡ് ഇളക്കി കളയാന്‍ മകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബാങ്കില്‍ പോയി ഇളവ് ചോദിക്കാമെന്ന് താന്‍ മകളോട് പറഞ്ഞു.പോയിട്ട് തിരിച്ചുവന്നപ്പോള്‍ മോളുടെ അവസ്ഥയിതാണ്. മോള്‍ക്ക് ചാവാന്‍ വേണ്ടിയാണോ വീടുണ്ടാക്കി വെച്ചത്. എന്തുനടപടി വേണമെങ്കിലും സര്‍ക്കാരിനി എടുക്കട്ടേയെന്നും അജികുമാര്‍ വിതുമ്പി പറഞ്ഞു. ബാങ്കിനോട് അല്‍പ്പം കൂടി സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബാങ്ക് മാനേജര്‍ പറഞ്ഞതെന്നും അഭിരാമിയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നാലുവർഷം മുൻപ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊവിഡ് കാലത്ത് അജികുമാറിന്‍റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കൾ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവർക്ക് നോട്ടീസ് നൽകി. 

തുടർന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജിൽ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയിൽ കയറി കതകടച്ചു. തുറക്കാതായതോടെ അയൽവാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ പെണ്‍കുട്ടിയെ കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്കരിക്കും. അതേസമയം സിംബോളിക് പൊസഷൻ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. പത്രത്തിലടക്കം പരസ്യം നൽകിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാർ പറയുന്നു. എന്നാൽ പെണ്‍കുട്ടിയുടെ മരണത്തിൽ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകൾ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
 

click me!