
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോര്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയ്ക്കായി രണ്ടും കല്പിച്ച് നീക്കങ്ങൾ ശക്തമാക്കുകയാണ് അബിൻ വർക്കി. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികൾ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ചതിച്ചത് താൻ ആണെന്ന തരത്തിൽ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാൻ ആണെന്നും അബിൻ വർക്കി വിശദീകരിക്കുന്നു. അതേസമയം, രാഹുൽ വിവാദത്തിൽ പങ്കില്ലെന്നും അധ്യക്ഷ സ്ഥാനം വിട്ട് തരില്ലെന്നും ഐ ഗ്രൂപ്പ് അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി വാട്സാപ്പ് ഗ്രൂപ്പില്‍ പോര് രൂക്ഷമാണ്. രാഹുലിനെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ അബിൻ വർക്കിയാണെന്ന പരോക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ അനുകൂലികള്‍ രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. അബിൻ്റെ ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ ബാഹുബലി സിനിമയിലെ ക്ലൈമാക്സ് രംഗത്തിൻ്റെ ചിത്രമുള്ള പോസ്റ്റർ സംസ്ഥാന കമ്മിറ്റി ഗ്രൂപ്പിലിട്ടാണ് രാഹുൽ അനുകൂലികളുടെ പ്രതിഷേധം. ഒപ്പം കട്ടപ്പമാരെ നിര്‍ത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ടു പോകാനാകില്ലെന്ന് എ ഗ്രൂപ്പ് നേതാക്കൾ ആരോപിക്കുന്നു. പിന്നില്‍ നിന്ന് കുത്തിയിട്ട് നേതാവാകാന്‍ നോക്കിയാല്‍ അംഗീകരിക്കില്ലെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ പറഞ്ഞതോടെ വാട്സ്അപ്പിൽ തർക്കം മൂത്തു. ഇതോടെ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഒണ്‍ലിയാക്കുകയായിരുന്നു ദേശീയ നേതൃത്വം.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനത്തിനും ഭീഷണിയെന്നാണ് വിവരം. രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചോദ്യം ഉയർത്തുന്നത്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. അതേസമയം, പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്. മുകേഷ് എംഎൽഎയായി തുടരുന്നത് അടക്കം ഉന്നയിച്ചാണ് എതിരാളികളുടെ രാജിയാവശ്യം കോൺഗ്രസിലെ ഒരു വിഭാഗം തള്ളുന്നത്. എന്നാൽ മുകേഷിനെതിരെ തെളിവുണ്ടായിരുന്നില്ലെന്നും രാഹുലിനെതിരെ കൃത്യമായ തെളിവുണ്ടെന്നുമാണ് സിപിഎം വാദിക്കുന്നത്. ഉന്നാവ് കേസും ബ്രിജ് ഭൂഷൻ കേസും പറഞ്ഞാണ് ബിജെപിക്കുള്ള കോൺഗ്രസ് മറുപടി.
എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും മാർച്ച് നടക്കും. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും. കണ്ണൂരിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വേറിട്ട പ്രതിഷേധമാണ് ഡിവൈഎഫ്ഐ നടത്തിയത്. കണ്ണൂർ മലപ്പട്ടത്തെ സിപിഎം-കോണ്‍ഗ്രസ് സംഘർഷ സമയത്ത് രാഹുൽ മാങ്കുട്ടം പ്രസംഗിച്ച മലപ്പട്ടം സെൻ്ററിൽ ഡിവൈഎഫ്ഐ, മഹിളാ അസോസിയേഷൻ പ്രവർത്തകർ സോപ്പ് വെള്ളം തളിച്ച് വൃത്തിയാക്കി. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി കെ സുലേഖ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam