
തിരുവനന്തപുരം: വിദ്യാർഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽപോയ പ്രതിയെ 25 വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. തിരുവനന്തപുരം നിറമണ്‍കര സ്വദേശി മുത്തുകുമാറിനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. 2001ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് നടപടി. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിൽ അന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ക്ലാസിൽ നിന്നും പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയ പ്രതി സ്വന്തം വീട്ടിലെത്തിച്ച ശേഷമാണ് പീഡിപ്പിച്ചത്.
അതിജീവിതയായ പെൺകുട്ടിയുടെ ട്യൂഷൻ അധ്യാപകനായിരുന്നു പ്രതി. കുട്ടിയെ സ്‌കൂളിൽ നിന്ന് കാണാതായതോടെ അധ്യാപകർ വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് വിവരം പൊലീസിലും അറിയിച്ചു. വീട്ടുകാർ നടത്തിയ തിരച്ചിലിൽ മുത്തുകുമാറിൻ്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് രക്ഷപ്പെട്ടു. തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി ഒടുവിൽ ചെന്നൈയിൽ എത്തി. ഇവിടെ വച്ച് മതംമാറിയ ഇയാൾ സാം എന്ന പേരിൽ പാസ്റ്ററായി ജീവിക്കുകയായിരുന്നു. ഈ കാലത്ത് ഇയാൾ രണ്ട് തവണ വിവാഹവും ചെയ്തു.
ഫോൺ ഉപയോഗിക്കാതെയാണ് പ്രതി ജീവിച്ചിരുന്നത്. അതിനാൽ തന്നെ കേരളത്തിലും പുറത്തും അന്വേഷിച്ച പൊലീസിന് ഇയാളെ കണ്ടെത്താനായില്ല. പബ്ലിക് ടെലിഫോണ്‍ ബൂത്തുകളിൽ നിന്ന് ഇയാൾ തിരുവനന്തപുരത്തുള്ള തൻ്റെ ബന്ധുക്കളെ വിളിച്ചിരുന്നു. ഈ ബന്ധുക്കളെ ഏറെ നാളായി നിരീക്ഷിക്കുകയായിരുന്നു പൊലീസ്. ഇവർക്ക് ലഭിച്ച ഫോൺ കോളുകളുമായി ബന്ധപ്പെട്ട നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. ഇതാണ് കാൽ നൂറ്റാണ്ടിന് ശേഷം പ്രതിയെ ചെന്നൈയിലെ അയണവാരത്ത് നിന്ന് പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കേരള പൊലീസ് ചെന്നൈയിലെ തൻ്റെ താമസ സ്ഥലത്ത് എത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് പിന്നാലെ പോയി പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാളെ പിടികൂടാനായി 150ല്‍പരം മൊബൈല്‍ നമ്പറുകളുടെ വിവരങ്ങള്‍ പരിശോധിച്ചെന്നാണ് പൊലീസ് പറയുന്നത്. മുപ്പതോളം ബാങ്ക് അക്കൗണ്ടുകളും നിരീക്ഷിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പ്രതിയെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചത്. പിന്നാലെ വഞ്ചിയൂര്‍ എസ്എച്ചഒ എച്ച്.എസ്.ഷാനിഫ്, എസ്‌ഐ അലക്‌സ്, സിപിഒമാരായ ഉല്ലാസ്, വിശാഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം ചെന്നൈയിലെ അയണവാരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കേരളത്തിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam