
കല്‍പ്പറ്റ: കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും രാസലഹരികള്‍ വന്‍തോതില്‍ വിറ്റഴിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ മുന്‍ എഞ്ചിനീയറെ ദില്ലിയിൽ നിന്ന് വയനാട്ടിൽ നിന്നുള്ള പൊലീസ് സംഘം പിടികൂടി. ആലപ്പുഴ കരീലകുളങ്ങര കീരിക്കാട് കൊല്ലംപറമ്പില്‍ വീട്ടില്‍ ആര്‍. രവീഷ് കുമാര്‍(28)നെയാണ് പഴുതടച്ച നീക്കത്തിലൂടെ ദില്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഡ്രോപ്പെഷ്, ഒറ്റന്‍ എന്നീ പേരുകളിലാണ് ഇയാൾ ലഹരി സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്.
വയനാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പൊലീസും ദില്ലി പൊലീസിന്റെ സഹായത്തോടെ കാണ്‍പൂരിലെ രാജുപാര്‍ക്ക് എന്ന സ്ഥലത്ത് വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാസലഹരി കേസിൽ വിചാരണ തടവിൽ കഴിയവേ പത്ത് ദിവസത്തേക്ക് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയതായിരുന്നു.
കാസർകോട് നിന്ന് 265.55 ഗ്രാം എംഡിഎംഎയുമായി 2024 ജൂലൈ മാസം പിടിയിലായ പുല്ലൂര്‍ പാറപ്പള്ളിവീട്ടില്‍ കെ. മുഹമ്മദ് സാബിറിന് രാസലഹരി കൈമാറിയത് രവീഷ് കുമാറായിരുന്നു. രവീഷ് കുമാറിനെ ആറ് മാസത്തോളം നിരന്തരം നിരീക്ഷിച്ച പൊലീസ് 2025 ഫെബ്രുവരിയില്‍ ഇയാളെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. വിചാരണ തടവുകാരനായിരുന്ന പ്രതി വിവാഹാവശ്യത്തിനെന്ന വ്യാജേന ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പത്ത് ദിവസത്തെ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങി.
അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മറ്റു നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. മാസങ്ങളോളം പ്രതിക്ക് പുറകെ പോയ പൊലീസ് സംഘം ഇയാൾ ദില്ലിയിലുണ്ടെന്ന് മനസിലാക്കിയ ശേഷമാണ് ഇവിടെയെത്തി അറസ്റ്റ് ചെയ്തത്. അതിസാഹസികമായാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം പൊലീസിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam