'ശരീരത്തിന്റെ ഒരുഭാഗം പോയാലും ഇത്ര വേദനിക്കില്ല'; റിസോർട്ടിൽ നഷ്ടമായത് 2 മക്കളെ, 2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

Published : Feb 21, 2024, 10:29 AM IST
'ശരീരത്തിന്റെ ഒരുഭാഗം പോയാലും ഇത്ര വേദനിക്കില്ല'; റിസോർട്ടിൽ നഷ്ടമായത് 2 മക്കളെ, 2 കോടി നഷ്ടപരിഹാരം നൽകാൻ വിധി

Synopsis

ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുകയാണിത്

കൊച്ചി: അഡ്വഞ്ചർ റിസോർട്ടിലെ അപകടത്തിൽ രണ്ട് മക്കളെയും നഷ്ടപ്പെട്ട അച്ഛനും അമ്മക്കും ഉപഭോക്തൃ കോടതി രണ്ട് കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതിനുശേഷം സംസ്ഥാനത്ത് അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാര തുക. ആമ്പല്ലൂരിലെ പി വി പ്രകാശനെയും വനജയെയും തോരാക്കണ്ണീരിലാഴ്ത്തിയത് വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുന്നതിലെ വീഴ്ചയാണെന്ന് വിലയിരുത്തിയായിരുന്നു വിധി.

"ഞങ്ങള്‍ നാല് പേരാണ്. രണ്ട് മക്കളും ഞാനും ഭാര്യയും. ഞങ്ങള്‍ വളരെ ഹാപ്പിയായിട്ടാ പൊയ്ക്കോണ്ടിരുന്നത്. സംഭവിച്ചത് ഞങ്ങള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാൻ കഴിയാത്തതും അതുകൊണ്ടുതന്നെയാ. ഉറങ്ങാൻ കിടന്നാലുമതെ എപ്പോഴും ഇതാണുള്ളിൽ. മറ്റുള്ളവരെ പോലെ ഒരിക്കലും ഹാപ്പിയായി ഞങ്ങള്‍ക്ക് ഇടപെടാൻ കഴിയാറില്ല. ശരീരത്തിന്റെ ഒരുഭാഗം പോയാൽപ്പോലും ഇത്രയും ഉള്ള് വേദനിക്കില്ല"- പ്രകാശന്‍ ശബ്ദമിടറിക്കൊണ്ട് പറഞ്ഞു. 

2020 ഒക്ടോബറിലാണ് പ്രകാശന്‍റെയും വനജയുടെയും ജീവിതം കീഴ്മേൽ മറിഞ്ഞത്. പുണെ കരന്തിവാലി അഡ്വഞ്ചർ ആൻഡ് ആഗ്രോ ടൂറിസം റിസോർട്ടിലെ സാഹസിക വിനോദങ്ങൾക്കിടെ വെള്ളത്തിൽ മുങ്ങി ഈ ലോകത്ത് നിന്ന് യാത്രയായപ്പോൾ, നിതിന് 24ഉം മിഥുന് 30ഉം വയസ്സായിരുന്നു. ആമ്പല്ലൂരിലെ വീട് പിന്നീട് പഴയതു പോലെയായിലുന്നില്ല. ഇനി ഒരിക്കലും ആവുകയുമില്ലെന്ന് പ്രകാശന് നന്നായി അറിയാം.

രണ്ട് മക്കളെയും നഷ്ടപ്പെട്ട ഒരച്ഛനോടുള്ള സാമാന്യ മര്യാദ പോലും റിസോർട്ടുകാരോ പുണെ പൊലീസോ കാണിച്ചില്ല. ഇതോടെ യാത്ര പോകുന്ന മക്കളെ കാത്തിരിക്കുന്ന അസംഖ്യം അച്ഛനമ്മമാരെ ഓർത്തപ്പോൾ പ്രകാശന് തോന്നി, ഈ അലംഭാവം ചോദ്യംചെയ്യണമെന്ന്. അങ്ങനെയാണ് റിസോർട്ട് മാനേജ്മെന്റിന്റെ വീഴ്ച മൂലമുള്ള അപകടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രകാശനും വനജയും ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിച്ചത്.

1.99 കോടി രൂപ നഷ്ടപരിഹാരവും കോടതി ചെലവുമാണ് കോടതി വിധിച്ചത്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷം അനുവദിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരമാണിത്. മുന്നിലും ചുറ്റിലുമായി അനുഭവിക്കുന്ന നിതാന്ത ശൂന്യതയിൽ വലയുന്ന പ്രകാശനും വനജക്കും ഈ ഇരിപ്പ് വേറെ ഒരച്ഛനും അമ്മക്കും വേണ്ടി വരരുതെന്ന നിശ്ചയമുണ്ട്. കോടതി അനുവദിച്ച സംഖ്യയിലെ പൂജ്യങ്ങളേക്കാൾ പല മടങ്ങാണ് ആ തീരുമാനത്തിന്‍റെ ശക്തിയും ആ വേദനയുടെ ആഴവും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം കോർപ്പറേഷൻ വികസനരേഖ പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്ന് മേയർ