
വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന് ചികിത്സ നൽകുന്നതിൽ വയനാട് ഗവ.മെഡിക്കൽ കോളേജിന് വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഹൃദയ സംബന്ധമായ രോഗമാണ് തോമസിന്‍റെ മരണകാരണമെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി. അഞ്ച് ദിവസം മുൻപാണ് മാനന്തവാടി വെള്ളാരം കുന്നിൽ കൃഷിയിടത്തിൽ വച്ച് കർഷകൻ തോമസിനെ കടുവ ആക്രമിച്ചത്. കൈക്കും കാലിനും ഗുരുതര പരിക്കേറ്റ തോമസിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ വേണ്ട ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.
വിദഗ്ധരായ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന് മകൾ സോന മന്ത്രി കൃഷ്ണൻകുട്ടിക്ക് മുന്നിൽ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു. തോമസിനെ ആധുനിക ചികിത്സ സംവിധാനമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഐസിയു ആംബുലൻസ് വിട്ട് നൽകിയില്ലെന്നും പരാതിയുണ്ട്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വീട്ടിലെത്തിയ സമയത്തും കുടുംബം പരാതി ആവർത്തിച്ചു. മൃഗമല്ല മനുഷ്യരാണ് തോമസിനെ കൊന്നതെന്ന് മന്ത്രിയോട് കുടുംബം പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങൾ തള്ളുകയാണ് ആരോഗ്യ വകുപ്പ്. തോമസിന് ചികിത്സ നൽകാൻ വൈകിയിട്ടില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി.
അസി. പ്രൊഫസർമാർ ഉൾപ്പടെയുള്ള ഡോക്ടർമാർ തോമസിനെ കൊണ്ടു വരുമ്പോൾ ആശുപത്രിയിലുണ്ടായിരുന്നു. ശസ്ത്രക്രിയ നടത്താൻ മൈക്രോ വാസ്കുലാർ സർജൻ ഇല്ലാത്തത് കൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. തോമസ് യാത്രാമധ്യേ ഗുരുതരാവസ്ഥയിൽ ആകാൻ കാരണം ഹൃദയ സംബന്ധമായ രോഗം കൊണ്ടാണെന്നും റിപ്പോർട്ടിലുണ്ട്. മുറിവുകളിൽ നിന്നുണ്ടായ അമിത രക്തസ്രാവം മൂലം ഷോക്ക് ഉണ്ടായി എന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ വിശദീകരിക്കുന്നു. ഇതിനിടെ ആരോഗ്യ വകുപ്പിന്‍റെ അനാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam