
തിരുവല്ല: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമ റോയി ഡാനിയേലിനെയും ഭാര്യയെയും ഇരുമക്കളയെും റിമാന്‍റ് ചെയ്തു. തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ വിഡിയോ കോൺഫറൻസ് വഴിയാണ് പ്രതികളെ ഹാജരാക്കിയത്. ഇന്നലെ രാത്രി ആറര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം റിയ ആൻ എന്നിവരെ അറസ്റ്റ് ചെയ്ത്. ചോദ്യം ചെയ്യലിൽ പൊലീസിന് നിർണയകമായ വിവരങ്ങൾ കിട്ടി.
2014 ലാണ് റോയി ഡാനിയേൽ മക്കളുടെ പേരിലേക്ക് സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റിയത്. ഉടമസ്ഥാവകാശം കിട്ടിയ ഉടൻ മക്കൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിന്‍റേഴ്‍സ്, നിധി പോപ്പുലർ എന്നീ പേരുകളിൽ പുതിയ സ്ഥാപനങ്ങൾ തുടങ്ങി. ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപം സ്വീകരിച്ചത് എൽഎൽപി വ്യവസ്ഥയിൽ.
എൽഎൽപി വ്യവസ്ഥയിൽ നിക്ഷേപം സ്വീകരിച്ചാൽ നിക്ഷേപകർക്ക് കമ്പിനിയുടെ ലാഭ വിഹിതമാണ് കിട്ടുക. കമ്പനി നഷ്ടത്തിലായാൽ ആനുപാതികമായി നിക്ഷേപകരുടെ പണവും നഷ്ടപ്പെടും. എന്നാൽ പണം സ്വീകരിക്കുന്നത് ഈ വ്യവസ്ഥയിലാണെന്ന് ഒരു ഘട്ടത്തിൽ പോലും നിക്ഷേപകരെ അറിയിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിക്ഷേപകരുടെ പരാതികൾ കൂടി കരുകയാണ്.