
കൊച്ചി: എകെജി സെന്‍റര്‍ ആക്രമണ കേസിൽ പ്രതിയും യൂത്ത് കോൺഗ്രസ് പ്രവത്തകനുമായ വി ജിതിന് ജാമ്യം. ജസ്റ്റിസ് വിജു എബ്രഹാമിന്‍റെ ബഞ്ചാണ് വിധി പറഞ്ഞത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടർന്ന് ജിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസിൽ കുടുക്കുകയായിരുന്നെന്നുമാണ് പ്രതിയുടെ വാദം. എന്നാൽ പ്രതിക്കെതിരെ സിസിടിവി അടക്കമുള്ള തെളിവ് ഉണ്ടെന്നും ബോംബ് ഉപയോഗിച്ചെന്നമായിരുന്നു സർക്കാർ വാദം.
കഴിഞ്ഞ ജൂൺ 30 ന് രാത്രിയാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടക വസ്‌തുവെറിഞ്ഞ് മടങ്ങുന്ന ദൃശ്യങ്ങൾ കിട്ടിയെങ്കിലും വ്യക്തതക്കുറവ് മൂലം ആളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. പ്രതിക്കെതിരെ ഗൂഢാലചോന, സ്ഫോടകവസ്തു ഉപയോഗിച്ച് നാശനഷ്ടമുണ്ടാക്കൽ, സ്ഫോടകവസ്തു നിയമവിരുദ്ധമായി കൈവശംവയ്‌ക്കൽ, അടക്കമുള്ള വകുപ്പ് ചുമതിയാണ് കേസ് എടുത്തത്.
അതേസമയം കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ള പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക നവ്യ ടി, സുഹൈലിൻെറ ഡ്രൈവർ സുബീഷ് എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ലുക്ക്ഔട്ട് നോട്ടീസ് വിമാനത്താവളങ്ങൾക്ക് കൈമാറി. സുബീഷിന്‍റെ സ്കൂട്ടറിലെത്തിയാണ് മുഖ്യപ്രതി ജിതിൻ ആക്രമണം നടത്തിയതെന്നാണ് കണ്ടെത്തൽ. സംഭവത്തിന് ശേഷം സുബീഷ് വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു.
ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിൻ സ്ഫോടകവസ്തു എറിയാനുപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്‍റെ പങ്ക് വ്യക്തമായത്. സുഹൈലിന്‍റെ ഡ്രൈവര്‍ സുബീഷിന്‍റെ ഉടസ്ഥതയിലുള്ള സ്കൂട്ടറാണ് ജിതിൻ ഉപയോഗിച്ചത്. സംഭവ ദിവസം രാത്രിയിൽ ഗൗരീശപട്ടത്ത് ഈ സ്കൂട്ടർ എത്തിച്ചത് നവ്യയാണ്. ഗൗരീശപട്ടത്ത് നിന്നും സ്കൂട്ടറോടിച്ച് സ്ഫോടക വസ്തു എറിഞ്ഞ ശേഷം തിരികെയെത്തിയ ജിതിൻ സ്കൂട്ടർ നവ്യക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്. നവ്യ ഈ സ്കൂട്ടര്‍ ഓടിച്ച് കഴക്കൂട്ടത്തേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങളിൽ നിന്നാണ് ജിതിനിലേക്ക് അന്വേഷണമെത്തിയത്.
കേസിൽ നവ്യയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ജിതിന് സ്‍കൂട്ടർ കൈമാറിയത് നവ്യ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ സ്ഫോടനത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസിന് മൊഴി നൽകിയത്. ജിതിന്‍റെ അറസ്റ്റിന് ശേഷം ചോദ്യം ചെയ്യാൻ വിളിച്ചതിന് പിന്നാലെയാണ് നവ്യ ഒളിവിൽ പോയത്. ഇവരെ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന ചർച്ചകള്‍ക്കിടെയാണ് ഇവർ ഒളിവിൽ പോകുന്നത്. കഴിഞ്ഞ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ആറ്റിപ്ര വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു നവ്യ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam