'HRDSൽ വിജിലൻസ് പരിശോധന, അട്ടപ്പാടിയിൽ വീട് നിർമിക്കുന്നതിൽ നിന്ന് വിലക്കി';  കടുത്ത നടപടിയുമായി സർക്കാർ

By Web TeamFirst Published Sep 30, 2022, 1:14 PM IST
Highlights

പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്ന് കാണിച്ചാണ് വീട് നിർമാണത്തിന് വിലക്ക് ഏർപ്പെടുത്തിയത്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസികൾക്കായി വീട് നിർമിച്ചു നൽകുന്നതിൽ നിന്ന് എൻജിഒ ആയ എച്ച്ആർഡിഎസിനെ വിലക്കി സർക്കാർ.  പ്രകൃതിക്ക് ഇണങ്ങാത്ത വീടുകൾ നിർമിച്ചു എന്നു കണ്ടെത്തിയതിനെ തുടർന്നാണ് എച്ച്ആർഡിഎസിന് ഒറ്റപ്പാലം സബ് കളക്ടർ നിർമാണ വിലക്ക് ഏർപ്പെടുത്തിയത്. തൊട്ടുപിന്നാലെ അട്ടപ്പാടി നോഡൽ ഓഫീസർ ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കി. പ്രീഫാബ് മെറ്റീരിയൽ ഉപയോഗിച്ചുള്ള വീട് നിർമാണം ആവാസ വ്യവസ്ഥയ്ക്ക് ഇണങ്ങുന്നതല്ല എന്നാണ് ഉത്തരവിലെ വിശദീകരണം. വീട് നിർമാണം നിർത്തിയതായി 2 ദിവസത്തിനകം രേഖമൂലം അറിയിക്കണം എന്നും നിർദേശമുണ്ട്. എച്ച്ആർഡിഎസ് നടത്തുന്ന വീട് നിർമാണം പരിശോധിക്കാൻ പട്ടികജാതി, പട്ടികവർഗ കമ്മീഷനും നിർദേശിച്ചിരുന്നു.

ഇതിനിടെ എച്ച്ആർഡിഎസിന്റെ ഓഫീസുകളിൽ വിജിലൻസ്, പരിശോധന നടത്തുകയാണ്. തൊടുപുഴയിലേയും പാലക്കാട്ടേയും ഓഫീസുകളിലാണ് പരിശോധന. പദ്ധതി ക്രമക്കേടുകൾ സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുവവന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. വിജിലൻസ് പരിശോധന സ്വാഗതം ചെയ്യുന്നുവെന്നും പരിശോധനയുമായി സഹകരിക്കുമെന്നും എച്ച്ആർ‍ഡിഎസ് വ്യക്തമാക്കി. പരിശോധനയ്ക്ക് പിന്നിൽ സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

ആദിവാസികളെ കയ്യേറ്റം ചെയ്യുകയും  ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ നേരത്തെ എച്ച്ആ‍ർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷോളയൂരിലെ വട്ടലക്കി എന്ന സ്ഥലത്ത് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട രാമൻ എന്നയാളുടെ ഭൂമി കയ്യേറിയതിനായിരുന്നു കേസ്. ഈ കേസിൽ അജി കൃഷ്ണ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി ജാമ്യം നൽകിയിരുന്നു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച സ്വപ്ന സുരേഷിന് ജോലി നൽകിയതിലുള്ള പ്രതികാരമാണ് ഈ കേസിന് പിന്നിലെന്ന് എച്ച്ആർഡിഎസ് ആരോപിച്ചിരുന്നു. സ്വപ്നയെ പിന്നീട് എച്ച്ആർ‍ഡിഎസ് പിരിച്ചു വിട്ടിരുന്നു. 

click me!