
ഇടുക്കി: പീരുമേട് സബ്‍ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാർ മരിച്ച സംഭവത്തിൽ പത്ത് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി. നെടുങ്കണ്ടം സിഐയെ സ്ഥലം മാറ്റുകയും എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. മൊത്തം പത്ത് പൊലീസുകാർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. സിഐ ഉൾപ്പടെ 8 പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്.
കൊച്ചി റേഞ്ച് ഡിഐജി കാളിരാജ് മഹേഷ് നെടുങ്കണ്ടം സ്റ്റേഷനിൽ ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് വ്യക്തമായതിനാലാണ് നടപടിയെന്ന് ഡിഐജി വ്യക്തമാക്കി. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ എസ്ഐ കെഎ സാബു, എഎസ്ഐ റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജിമോൻ ആന്റണി എന്നിവരെയാണ് സസ്പെൻഷന്റ് ചെയ്തത്. ഡോക്ടർമാരുടെ അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
നെടുങ്കണ്ടം തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പീരുമേട് ജയിലിൽ റിമാൻഡിലായിരുന്ന പ്രതി രാജ്‍കുമാര്‍ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജയിലിൽ നിന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച പ്രതി വൈകാതെ മരിക്കുകയായിരുന്നു. എന്നാൽ ഈ മരണത്തിൽ അസ്വഭാവികതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂൺ 16-ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. അതേസമയം ജൂൺ 12ന് രാജ്‍കുമാറിനെ തെളിവെടുപ്പിന് എത്തിച്ചിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അവശനിലയിൽ ജയിലിലെത്തിച്ച രാജ്‍കുമാറിന് കൃത്യസമയത്ത് ചികിത്സ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണം പൊലീസ് നിഷേധിച്ചു. അറസ്റ്റിനിടെ രക്ഷപ്പെടാൻ ശ്രമിച്ച രാജ്‍കുമാറിനെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ പറ്റിയ പരിക്കുകളാണ് ശരീരത്തിലുള്ളത്. ഇക്കാര്യം അറസ്റ്റ് രേഖകളിൽ പരാമർശിച്ചിട്ടുമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് അന്തിമ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. നെടുങ്കണ്ടം തൂക്കുപാലത്ത് സ്വാശ്രയസംഘങ്ങൾക്ക് വായ്പ വാഗ്ദാനം ചെയ്ത് മൂന്ന് കോടിയോളം രൂപ തട്ടിച്ചെന്നായിരുന്നു വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെതിരായ കേസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam