
തിരുവനന്തപുരം: നവകേരള യാത്രയിലെ ഗൺമാൻമാരുടെ മർദനത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ച ആദ്യ കേസ് ഡയറി തിരുത്തിയ എഡിജിപ്പിക്കെതിരെ നടപടി വന്നേക്കും. അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെയാണ് ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയത്. കേസ് അട്ടിമറിച്ചവർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും അജയ് ജുവൽ കുര്യാക്കോസും ആവശ്യപ്പെട്ടു.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകരെ തല്ലിച്ചതച്ച കേസിൽ ഗൺമാന്മാരെ രക്ഷിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എംആർ അജിത് കുമാർ നേരിട്ട് ഇടപെട്ടതായാണ് ഉദ്യോഗസ്ഥരുടെ മൊഴികൾ. തിരുവന്തപുരത്ത് വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചു എന്നാണ് മൊഴി. ഔദ്യോഗിക രേഖകളിൽ കൃത്യമം നടത്തിയത് പരിശോധിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ആദ്യ അന്വേഷണത്തിലെ അട്ടിമറിയിൽ വിശദമായ റിപ്പോർട്ട് എസ്ഐടി തയാറാക്കും. ഇടപെടൽ നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മർദമേറ്റ ആലപ്പുഴ എംഎൽഎ എഡി തോമസും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസും.
ഗൺമാൻ അനിൽകുമാർ, സുരക്ഷ സേനയിലെ സന്ദീപ് എന്നിവരാണ് നിലവിൽ പ്രതികൾ. കൂടുതൽ പേർ ലാത്തികൊണ്ട് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവസമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയശേഷം കേസിൽ കൂടുതൽ പേരെ പ്രതിചേർക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. തിരുത്തൽ വരുത്തിയ റിപ്പോർട്ടുൾപ്പടെ അന്വേഷണ സംഘത്തിന്‍റെ മുൻപിലുണ്ട്.
കേസ് ഡയറി തിരുത്തിയതിൽ എംആർ അജിത്കുമാറിനോട് സർക്കാരിന് വിശദീകരണം തേടാം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ വ്യാജരേഖ ചമച്ചതിനുൾപ്പടെ എഡിജിപിക്കെതിരെ കേസെടുക്കാനാകും. ജൂലൈയിൽ ഡിജിപി റാങ്കിലേക്ക് വരാനിരിക്കെയാണ് എംആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണം. പൂരം കലക്കൽ ഉൾപ്പടെയുള്ള വിവാദങ്ങളിൽ പിണറായി സർക്കാരിന്‍റെ സമയത്ത് പ്രതിപക്ഷം ഏറ്റവും അധികം വിമർശിച്ച എംആർ അജിത് കുമാറിനെതിരെ യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതും ആകാംക്ഷയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam