
ദില്ലി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആറ് വർഷമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം നൽകണം എന്നായിരുന്നു പൾസർ സുനിയുടെ ആവശ്യം.
വിചാരണ ഉടൻ പൂർത്തിയാകുമെന്നത് കൊണ്ടാണ് കഴിഞ്ഞ തവണ ജാമ്യം നിഷേധിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ ബോംബെ ഹൈക്കോടതിയിൽ ഹാജരായ സന റായിസ് ഖാൻ ആണ് പൾസർ സുനിക്ക് വേണ്ടി സുപ്രീംകോടതിയിൽ എത്തിയത്. ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവരാണ് പൾസർ സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.