ബലാത്സംഗക്കേസിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി മുകേഷ്; ഡിജിറ്റൽ തെളിവുകളടക്കം കൈമാറി

Published : Aug 30, 2024, 06:02 PM ISTUpdated : Aug 30, 2024, 06:22 PM IST
ബലാത്സംഗക്കേസിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി മുകേഷ്; ഡിജിറ്റൽ തെളിവുകളടക്കം കൈമാറി

Synopsis

എംഎൽഎ ബോർഡ് അഴിച്ച് വെച്ച് രാവിലെ ഏഴേ കാലോടെ പൊലീസ് അകമ്പടിയോടെ ആയിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള മുകേഷിന്‍റെ യാത്ര.

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടനും എംഎൽഎയുമായ മുകേഷ് പരാതിക്കാരിക്കെതിരെ ഡിജിറ്റൽ തെളിവുകളടക്കം അഭിഭാഷകന് കൈമാറി. എംഎൽഎ ബോഡ് അഴിച്ച് വച്ച് അതിരാവിലെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയാണ് മുകേഷ് അഭിഭാഷകനെ കണ്ടത്. അതേസമയം മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ പരാതി നൽകിയ ആലുവ സ്വദേശിനി കോടതിയിൽ ഹാജരായി രഹസ്യമൊഴിയും നൽകി.

രാവിലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് റോഡ് മാർഗമാണ് മുകേഷ് കൊച്ചിയിലെത്തിയത്. എംഎൽഎ ബോർഡ് അഴിച്ച് വെച്ച് പൊലീസ് അകമ്പടിയോടെ ആയിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള മുകേഷിന്‍റെ യാത്ര. ഉച്ചയോടെ അഭിഭാഷകന്‍റെ വീട്ടിലെത്തിയ മുകേഷ് രണ്ട് മണിക്കൂർ സമയം കൂടിക്കാഴ്ച നടത്തി. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകൾ, ഇ മെയിലുകൾ തുടങ്ങിയ ഡിജിറ്റൽ തെളിവുകൾ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന രണ്ടാം തിയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുകേഷ് ഹാജരാക്കും. 2009 ലാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്നത്. എന്നാൽ അതിന് ശേഷവും ഇവർ തന്നോട് സൗഹൃദസംഭാഷണങ്ങൾ നടത്തിയിരുന്നു. കുടുംബകാര്യങ്ങളിലടക്കം ഇടപെട്ടിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാകും കോടതിയിൽ മുകേഷിന്‍റെ വാദം.

കേസിൽ പ്രതിയായ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹിയായിരുന്ന വി എസ് ചന്ദ്രശേഖരന്‍റെയും അറസ്റ്റ് സെപ്റ്റംബർ 3 വരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തടഞ്ഞു. മുകേഷ് ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെ മൊഴിനൽകിയ ആലുവ സ്വദേശിയായ പരാതിക്കാരിയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. ആരോപണങ്ങൾ ഉറച്ച് നിൽക്കുന്നതായി ആവർത്തിച്ചു.

പ്രത്യേക അന്വേഷണ സംഘവും ഓൺലൈനായി യോഗം ചേർന്ന് നടപടികൾ തീരുമാനിച്ചു. മുകേഷ്, ഇടവേള ബാബു, വി എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരായ ബലാത്സംഗ കേസുകൾ ഡിവൈഎസ് പി മാർ ചുമതലയുള്ള പ്രത്യേക ടീമാകും അന്വേഷിക്കുക. ജയസൂര്യ, മണിയൻപിള്ള രാജു, നോബിൾ ജേക്കബ്, വിച്ചു എന്നിവർക്കെതിരായ കേസുകൾ ഇൻസ്പെക്ടർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരും അന്വേഷിക്കും. അതേസമയം, മുകേഷിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിൽ നിന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി. ജഡ്ജിയുടെ സിപിഎം പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് മുൻ എംഎൽഎയുടെ പരാതി.

PREV
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി