
കൊച്ചി: യുവനടിയെ കൊച്ചിയിലെ ഷോപ്പിംഗ് മാളിൽ വച്ച് അപമാനിച്ച കേസിലെ പ്രതികളെ ഇന്ന് തന്നെ കീഴടങ്ങുമെന്ന് അഭിഭാഷകൻ. കളമശ്ശേരി പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങുക. പ്രതികൾ നിരപരാധികളെന്നും ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെന്നും പ്രതികളുടെ അഭിഭാഷകൻ കെ ബെന്നി തോമസ് പറഞ്ഞു. അതിനിടെ, പ്രതികൾക്കായി കോഴിക്കോട് റെയിവേ സ്റ്റേഷനിലും പൊലീസ് പരിശോധന നടത്തി. പ്രതികൾ ഇതുവഴി യാത്ര ചെയ്തിരുന്നുവെന്ന സൂചനയെ തുടർന്നായിരുന്നു പരിശോധന. സിസിടിവി ദൃശ്യങ്ങളാണ് കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചത്
മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദിൽ എന്നിവരാണ് കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ഷോപ്പിംഗ് മാളിൽ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത്. ബോധപൂർവ്വം ഉപദ്രവിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നുമാണ് പ്രതികൾ വിശദീകരിക്കുന്നത്. പ്രതികളുടെ അറസ്റ്റിനായി കളമശ്ശേരി പൊലീസ് പെരിന്തൽമണ്ണയിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് നാടകീയമായി മലപ്പുറത്തെ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികൾ എത്തിയത്. നടിയോട് സംസാരിക്കാൻ ശ്രമിച്ചതല്ലാതെ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നാണ് ഇരുവരുടെയും ന്യായീകരണം.
ജോലി ആവശ്യാർത്ഥമാണ് റംഷാദും, ആദിലും കൊച്ചിയിലെത്തുന്നത്. തിരികെയുള്ള ട്രെയിൻ പുലർച്ചെയായതിനാൽ സമയം ചിലവഴിക്കാൻ ഷോപ്പിംഗ് മാളിലെത്തിയതെന്നാണ് ഇരുവരും വിശദീകരിക്കുന്നത്. എന്നാൽ പ്രതികളുടെ പ്രവൃത്തി ബോധപൂർവ്വമായിരുന്നുവെന്ന് സൂപ്പർ മാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച കൊച്ചിയിൽ തിരിച്ചെത്തുന്ന നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam