
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാൾ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ എന്നാണ് മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥർക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷൻ വാദം.
2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പൾസർ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മർദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവർക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷൻ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്‍റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കാവ്യാ മാധവനുമായുളള ദീലീപിന്‍റെ ചാറ്റുകൾ മഞ്ജു വാര്യർ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമൻ, RUK അണ്ണൻ, മീൻ, വ്യാസൻ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോൺ നമ്പരുകൾ ദിലീപ് തന്‍റെ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകി എന്നത് പൊലീസിന്‍റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. ആകെ പത്ത് പ്രതികളുളള കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam