
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ക്വട്ടേഷൻ നൽകിയത് സ്ത്രീ ആണെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴിയിൽ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിധി ന്യായത്തിൽ കോടതി വിമര്‍ശിക്കുന്നു. ആരാണ് സുനിയുടെ മൊഴിയിൽ പറഞ്ഞ മാഡമെന്നാണ് കോടതി ചോദിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണ സംഘത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് വിധിന്യായത്തിൽ ചൂണ്ടികാണിക്കുന്നത്. ക്വട്ടേഷൻ നൽകിയത് സ്ത്രീയാണെന്ന് ആക്രമിക്കപ്പെട്ട നടിയോട് പറഞ്ഞത് പൾസർ സുനിയാണ് എന്നാൽ, ആദ്യഘട്ട കുറ്റപത്രത്തിലടക്കം ഇക്കാര്യം അന്വേഷണസംഘം പരിശോധിച്ചില്ലെന്ന് കോടതി വിധി ന്യായത്തിൽ വ്യക്തമാക്കുന്നു. കൃത്യത്തിന് തൊട്ടുമുമ്പ് പൾസർ സുനി ഒരു സ്ത്രീയോടാണ് സംസാരിച്ചത്. എന്നാൽ, ഈ വ്യക്തിയെക്കുറിച്ച് പൊലീസ് കാര്യമായി പരിശോധിച്ചിട്ടില്ല. അവരെ സാക്ഷിപോലും ആക്കിയിട്ടില്ലെന്നും ഉത്തരവിലുണ്ട്.
സുനിലുമായി ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയെന്ന് പറഞ്ഞ് പ്രോസിക്യഷൻ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും കോടതി ഉത്തരവിൽ പറയുന്നു. ഈ സ്ത്രീയ്ക്ക് കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോയെന്ന് പരിശോധിക്കേണ്ടതായിരുന്നു. അവരെ ചോദ്യം ചെയ്തോ എന്നതിൽ പോലും വ്യക്തതയില്ല. സ്ത്രീയുടെ ക്വട്ടേഷൻ എന്ന് ആദ്യം പറഞ്ഞ സുനിൽ ദിലീപിന് എഴുതിയ കത്തിൽ അത് മാറ്റി പറഞ്ഞു. ഇക്കാരണം കൊണ്ടെങ്കിലും കൃത്യത്തിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും കോടതി വിധി ന്യായത്തിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ കുറ്റകൃത്യത്തിന്‍റെ ലക്ഷ്യം ആദ്യ കുറ്റപത്രത്തിൽ തന്നെയുണ്ടെന്നും നടിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ബ്ലാക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നുമാണ് വിധി ന്യായത്തിൽ പറയുന്നത്. ആറു പ്രതികളും ഈ ഒരു ലക്ഷ്യത്തോടെയാണ് കൃത്യത്തിൽ പങ്കെടുത്തതെന്നും ദിലീപിന്‍റെ ക്വട്ടേഷൻ ആണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ലെന്നും വിധി ന്യായത്തിലുണ്ട്. ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ലെന്നും വിധി ന്യായത്തിൽ പറയുന്നു. ദീലീപിനെ ഭയന്നാണ് നടി ആദ്യഘട്ടത്തിൽ ഇക്കാര്യം പറയാതിരുന്നതെന്ന പ്രോസിക്യൂഷൻ വാദം നിലനിൽക്കില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട അന്വേഷണ സംഘത്തോട് അക്കാര്യം പറയാൻ ഭയപ്പെടേണ്ട കാര്യമില്ല. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിനുശേഷമാണ് ദിലീപ് കേസിലേക്ക് വരുന്നതെന്നും വിധി ന്യായത്തിൽ പറയുന്നു. നടിയെ ആക്രമിച്ച കേസിൽ ആദ്യത്തെ ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും അരലക്ഷം രൂപയുമാണ് കോടതി വിധിച്ചത്. ഒന്നാം പ്രതിയായ പള്‍സര്‍ സുനി, രണ്ടാം പ്രതിയായ മാര്‍ട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി മണികണ്ഠൻ, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രതീപ് എന്നിവരെയാണ് കോടതി 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗമടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. കേസിൽ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി വെറുതെ വിട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam