
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തിന്‍റെ വിധിപ്പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാൽ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.
2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ട്. ഇതിലൊരു കേസിൽ വെറുതെ വിട്ടിട്ടുമുണ്ട്. ഗൂഢാലോചന ആരോപിക്കുമ്പോൾ പ്രതി എവിടെ, എങ്ങനെ എന്ത് ചെയ്തു എന്ന് അന്വേഷണ സംഘം വിശദമായി അന്വേഷിക്കണമായിരുന്നുവെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ തന്നെ സുനി മാസത്തിലൊരിക്കൽ വീട്ടിൽ എത്തിയിരുന്നുവെന്ന് മൊഴി നൽകി. അതിനാൽ സുനി മറ്റ് കേസുകളിൽ പെട്ടത് കൊണ്ട് ഗൂഢാലോചന പ്രകാരം 2015ൽ കുറ്റകൃത്യം നടപ്പാക്കിയില്ല എന്ന വാദം നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. സുനി എവിടെയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കാനോ ആ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനോ പൊലീസിന് കഴിഞ്ഞില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ല
വിവാഹമോതിരത്തിന്റെ ചിത്രം വ്യക്തമായി എടുത്ത് നൽകണമെന്ന് ദിലീപ് നിർദേശിച്ചെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇത്തരമൊരു വാദം അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പറയുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആദ്യറിപ്പോർട്ടിൽ ഇത് അന്വേഷണസംഘം പരാമർശിച്ചിട്ടില്ല. ദൃശ്യങ്ങളിൽ അതിജീവിതയുടെ മുഖം വ്യക്തമാണ്. അതിനാൽ വിവാഹമോതിരം കാണിച്ച് ഐഡന്റിറ്റി സ്ഥിരീകരിക്കണ്ട കാര്യമില്ല. ആദ്യ റിപ്പോർട്ടുകളിൽ ഈ മോതിരത്തിന്റെ കാര്യം പറയുന്നില്ല. അത് അതിജീവിത കോടതിയിൽ നൽകിയ മൊഴിക്ക് ശേഷമാണ് പരാമർശിക്കുന്നത്. ഇത് അതിജീവിതയുടെ മൊഴിയുമായി മാച്ച് ചെയ്യാൻ വേണ്ടിയാണോ എന്ന സംശയമുയർത്തുന്നതാണ്. അതിനാൽ ഒന്നും പ്രതിയും എട്ടാം പ്രതിയും ചേര്‍ന്ന് അത്തരമൊരു ഗൂഢാലോചന നടത്തിയെന്ന വാദം നിലനിൽക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ജഡ്ജിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളി വിധി
കോടതിക്കും ജഡ്ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നുവെന്ന് വിധി പകര്‍പ്പില്‍ പരാമര്‍ശം. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും വിധിയില്‍ എടുത്ത് പറയുന്നു . ജയിലിനുള്ളിൽ നിന്നുള്ള ഫോൺ വിളിയിൽ സംശയങ്ങളുമായി കോടതി. സാക്ഷിയായ ജിൻസൺ പ്രതി ആകേണ്ടതല്ലേ എന്ന് ചോദ്യം. മൊബൈൽ ചാർജ് ചെയ്യാൻ ഉപയോഗിച്ച ചാർജർ എവിടെയെന്ന് അന്വേഷിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam