
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിന്‍റെ (Dileep) ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്നും വിചാരണ കോടതിയിൽ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന എട്ടാ൦ പ്രതിയായ ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ല൦ഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപണ൦. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.
മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ ആരേപിക്കുന്ന സമയം ദിലീപ് ജയിൽ ആയിരുന്നു. ദിലീപിന്‍റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നു൦ പ്രതിഭാഗ൦ വാദിക്കുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്‍റെ സഹോദരൻ അനൂപിന്‍റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് കോടതിയിൽ തള്ളിയിരുന്നു.
ദിലീപിന്റെ അഭിഭാഷകരെ ഇനി ചോദ്യംചെയ്യുമോ ?
കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകിയെങ്കിലും അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. തുടർനടപടികൾ ആലോചിക്കാൻ അന്വേഷണ സംഘം ഉടൻ യോഗം ചേരും. അതിനിടെ, ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിന്‍റെ ഫോണും ലാപ്ടോപ്പും വിട്ട് നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്ന് അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവാസനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. അടുത്ത മാസം 15 വരെ അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുണ്ട്. കേസിൽ ഇനി ചോദ്യം ചെയ്യാനുള്ള പ്രധാന സാക്ഷികൾ അഭിഭാഷകരാണ്. മുബൈയിലേക്ക് ദിലീപിന്‍റെ ഫോണുമായി തെളിവ് നീക്കാൻ പോയ നാല് അഭിഭാഷകർ, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച സീനിയർ അഭിഭാഷകൻ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഉടൻ യോഗം ചേർന്ന് തീരുമാനമെടുക്കും. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച് തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂർത്തിയായാൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ഇതിനിടെ ദിലീപ് ഉൾപ്പെട്ട വധ ഗൂഢാലോചന കേസിൽ ഹാക്കർ സായ് ശങ്കറിന്‍റെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വിട്ട് നൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഐ ഫോൺ, ടാബ്, ഐമാക് അടക്കമുള്ളവയാണിത്. ഫോറൻസിക് പരിശോധനയിൽ ഇവയിൽ നിന്ന് കേസിനെ ബന്ധിപ്പിക്കാൻ തെളിവുകളൊന്നും കിട്ടിയില്ലെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവ വിട്ട് നൽകണമെന്നാവശ്യപ്പെട്ട് സായ് ശങ്കർ കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ പ്രതിയായ സായ് സങ്കറിനെ പിന്നീട് ക്രൈാം ബ്രാഞ്ച് മാപ്പുസാക്ഷിയാക്കിയിരുന്നു.