Actress Attack Case: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സമയപരിധി നാളെ വരെ;പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കങ്ങള്‍

Published : Jul 14, 2022, 01:38 AM IST
Actress Attack Case: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ സമയപരിധി നാളെ വരെ;പ്രോസിക്യൂഷന്‍റെ നിര്‍ണായക നീക്കങ്ങള്‍

Synopsis

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്.

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാ‍ർഡിന്‍റെ ഫൊറൻസിക് ഫലം പുറത്ത്, അവസാനം ഉപയോഗിച്ചത് കഴിഞ്ഞ വർഷം ജൂലൈ 19ന്

മെമ്മറി കാർഡിന്‍റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ അന്വേഷണ സംഘത്തിന് കിട്ടിയിരുന്നു. 2021 ജൂലൈ  19 ന്  ഉച്ചയ്ക്ക്  12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്.

വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാ ഫലത്തിലുണ്ട്. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ്  ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാ ഫലത്തിലുണ്ട്.

എന്താണ് ഹാഷ് വാല്യൂ? എങ്ങനെയാണ് ഇത് നിർണ്ണായകമാകുന്നത്?

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ  കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് കണ്ടെത്തൽ. പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇക്കാര്യത്തിൽ വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍റെ നീക്കം. ഫോറൻസിക്  റിപ്പോ‍ർട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി.

എന്താണ് ഹാഷ് വാല്യൂ?

ഈ സാഹചര്യത്തിൽ എന്താണ് ഹാഷ് വാല്യൂവെന്ന് പലരും സംശയം ചോദിക്കുന്നുണ്ട്. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യത പല കേസുകളിലും വലിയ പ്രതിസന്ധിയായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഒരു ഡിജിറ്റൽ രേഖയുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതങ്ങളിലൊന്നാണ് ഹാഷ് വാല്യൂ. ഹാഷ് വാല്യൂ എന്നാൽ ഒരു അൽഗോരിതം നിർമ്മിക്കുന്ന അക്കങ്ങളുടെ ശൃംഖലയാണ്. ഏറ്റവും എളുപ്പത്തിൽ ഹാഷ് വാല്യൂവിനെ ഇങ്ങിനെ വിശേഷിപ്പിക്കാം.   എല്ലാ ഇലക്ട്രോണിക് ഫയലിനും ഒരു ഹാഷ് വാല്യൂ ഉണ്ട്. നിങ്ങൾ ഫോട്ടോ എടുക്കുമ്പോഴും ഇ-മെയിൽ അയക്കുമ്പോഴും ഒരു ഹാഷ് വാല്യൂ അതിന്റെ കൂടെ എഴുതപ്പെടുന്നുണ്ട്. ആ ഫയലിൽ മാറ്റം വരുമ്പോൾ ആ ഹാഷ് വാല്യുവിലും മാറ്റം വരും.

PREV
Read more Articles on
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ