
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത് പൾസർ സുനി ഒന്നാം പ്രതിയായ കേസിൽ, നടൻ ദിലീപാണ് എട്ടാം പ്രതി.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ടത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിൽ പ്രതികൾ. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. 2024 സെപ്റ്റംബറിലാണ് നടിയെ ആക്രമിച്ച കേസിൽ സുനി ജാമ്യത്തിൽ പുറത്ത് ഇറങ്ങിയത്. കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനിക്ക് ജാമ്യം കിട്ടിയത്. രണ്ടു പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ കേസിൽ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.