Actress Attack Case : 'തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ല'; നടി ഹൈക്കോടതിയില്‍

Published : Feb 21, 2022, 12:00 PM IST
Actress Attack Case : 'തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ല';  നടി ഹൈക്കോടതിയില്‍

Synopsis

കേസിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണം. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും നടി ഹര്‍ജിയില്‍ പറയുന്നു.

കൊച്ചി: ദീലീപ് നൽകിയ ഹർജിയിൽ (Dileep Petition) കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍ അപേക്ഷ നൽകി. തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു. അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പ്രതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണം. തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 

അന്വേഷണം റദ്ദാക്കി വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. കൂടാതെ തുടരന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥർ വിചാരണക്കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കേയാണ് നടി ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ വധിക്കാൻ ​ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനും പ്രതികൾക്കും ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. വധഗൂഢാലോചനാ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്‍റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. 

ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

വധഗൂഢാലോചന കേസ്; ദിലീപിന്‍റെ സഹോദരി ഭര്‍ത്താവ് ചോദ്യം ചെയ്യലിന് ഹാജരായി

വധഗൂഢാലോചന കേസില്‍ ദിലീപിന്‍റെ സഹോദരി ഭർത്താവ് ടി എൻ സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ഹാജരായത്. ദിലീപിന്‍റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈംബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യംചെയ്ത ശേഷം നടൻ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ദിലീപിന്റെയും അനൂപിന്റെയും സുരാജിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ലഭിച്ചിട്ടുണ്ട്. ഇത് കൈമാറണം എന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ അപക്ഷ നൽകും. വധഗൂഡാലോചനക്കേസിൻ്റ എഫ്ഐആർ റദ്ദാക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു