വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് 53 ദിവസം; അടുത്ത വര്‍ഷവും പണി തീരില്ല? നൂറ് കോടി നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

Published : Oct 08, 2022, 11:32 AM IST
വിഴിഞ്ഞം തുറമുഖ നിർമാണം നിലച്ചിട്ട് 53 ദിവസം; അടുത്ത വര്‍ഷവും പണി തീരില്ല? നൂറ് കോടി നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

Synopsis

നിര്‍മ്മാണം കൃത്യസമയത്ത് തീര്‍ത്തില്ലെങ്കിൽ അദാനി ഗ്രൂപ്പ് സര്‍ക്കാരിനും നിര്‍മ്മാണത്തിന് വേണ്ട സാഹചര്യം ഒരുക്കിയില്ലെങ്കിൽ സര്‍ക്കാര്‍ അദാനിഗ്രൂപ്പിനും നഷ്ടപരിഹാരം നൽകണമെന്നാണ് കരാര്‍. 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ നിര്‍മ്മാണം അടുത്ത വര്‍ഷവും തീരില്ലെന്ന ആശങ്കയുമായി അദാനി ഗ്രൂപ്പ്. മത്സ്യത്തൊഴിലാളികളും ലത്തീൻ സഭയും ചേര്‍ന്ന് നടത്തുന്ന ഉപരോധ സമരം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിലാണ് തുറമുഖത്തിൻ്റെ പ്രവര്‍ത്തനം തുടങ്ങുന്നത് ഇനിയും നീളുമെന്ന് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഉപരോധ സമരം കാരണം കഴിഞ്ഞ 53 ദിവസമായി വിഴിഞ്ഞം തുറമുഖത്തിൻ്റെ നിര്‍മ്മാണം നിലച്ചിരിക്കുകയാണ്. തുറമുഖ നിര്‍മ്മാണത്തിൽ ഇതുവരെ നൂറ് കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദാനിഗ്രൂപ്പ് വിശദീകരിക്കുന്നു. നഷ്ടകണക്കുകൾ അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങൾക്ക് ആവശ്യമായ കല്ലുകൾ എത്തിക്കാൻ സാധിക്കുന്നില്ലെന്നും വിഴിഞ്ഞത്തേക്കുള്ള ബാര്‍ജുകളും ടഗ്ഗുകളും വിവിധ തീരങ്ങളിൽ കുടുങ്ങി കിടക്കുകയാണെന്നും അദാനി ഗ്രൂപ്പ് വക്താക്കൾ പറയുന്നു. 

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അദാനി ഗ്രൂപ്പും സര്‍ക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ 2023 മെയ് മാസത്തിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിര്‍ത്തി നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. ഈ സമരം ഇന്ന് 53-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നൂറ് കോടി രൂപയുടെ നഷ്ടം നേരിട്ടുവെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. 

സാധാരണ ഗതിയിൽ മണ്‍സൂണ്‍ കാലത്ത് വിഴിഞ്ഞത്ത് നിര്‍മ്മാണം നടത്താറില്ല. അതിനാൽ കടൽത്തട്ട് പണിക്ക് കൊണ്ടു വരുന്ന ബാര്‍ജുകളും ടഗ്ഗുകളും മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടു പോകാറുണ്ട്. എന്നാൽ ഇക്കുറി നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിൽ പൂര്‍ത്തിയാക്കാൻ വേണ്ടി സര്‍ക്കാര്‍ ഇടപെട്ട് ഈ ടഗ്ഗുകളും ബാര്‍ജ്ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി തുടരുകയായിരുന്നു. ഇങ്ങനെ നിലനിര്‍ത്തിയത് വഴി മാത്രം  57 കോടി നഷ്ടം വന്നെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് നൽകിയ കണക്കിൽ പറയുന്നു. പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപയും നൽകേണ്ടി വന്നുവെന്ന് കണക്കുകളിലുണ്ട്. 

സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. അദാനി ഗ്രൂപ്പിന് സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവര്‍ സര്‍ക്കാരിന് നഷ്ടപരിഹാരം നൽകേണ്ടതായിട്ടുണ്ട്. ഇതേപോലെ അദാനി ഗ്രൂപ്പിന് നിര്‍മ്മാണം നടത്താൻ വേണ്ട സാഹചര്യം ഒരുക്കി നൽകിയില്ലെങ്കിൽ സര്‍ക്കാര്‍ തിരിച്ചും നഷ്ടപരിഹാരം നൽകണം എന്നാണ് കരാര്‍ വ്യവസ്ഥ. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല', രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ; തൃശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട
കോഴിക്കോട് നഗരത്തിൽ വെള്ളം മുടങ്ങിയിട്ട് ആറ് ദിവസം; പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ