
തിരുവനന്തപുരം: വിഴിഞ്ഞത്തെ അദാനി - എംഎസ്‍സി ഓഹരി കൈമാറ്റത്തിൽ സർക്കാർ അനുമതി വിശദമായ പഠനത്തിന് ശേഷം. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. രാജ്യസുരക്ഷ ഉൾപ്പെടെ കണക്കിലെടുത്തായിരിക്കും തീരുമാനം. അതേസമയം സർക്കാരുമായുള്ള കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടുകയാണ് അദാനി ഗ്രൂപ്പ്. വാണിജ്യ പ്രവർത്തനം തുടങ്ങി ഒരു വർഷം കഴിഞ്ഞാൽ 74 ശതമാനം വരെ ഓഹരി വിൽക്കാം എന്നാണ് കരാർ എന്ന് അദാനി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. വാണിജ്യ പ്രവർത്തനം ആരംഭിച്ചത് 2024 ഡിസംബർ 24 നാണ്. കഴിഞ്ഞ ഡിസംബറോടെ വില്പനക്ക് അവകാശം ആയെന്നാണ് അദാനിയുടെ വാദം.
തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി കമ്പനി സർക്കാരിന്റെ അനുമതിക്കായി കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിനും വിസിൽ എംഡിക്കും ആണ് കത്ത് നൽകിയത്. ധാരണാ പത്രത്തിലെ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടും. വിഴിഞ്ഞം തുറമുഖത്തിൽ അദാനി കമ്പനിയുടെ 49 ശതമാനം ഓഹരി എം എസ് സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎൽ സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 27,000 കോടി രൂപ മൂല്യമുള്ളതാണ് ഇത്.
ടിഐഎല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. 100ലധികം കണ്ടെയ്നർ ടെർമിനലുകളും പ്രതിവര്‍ഷം 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും ടിഐഎല്ലിനുണ്ട്. എം എസ് സിയുമായുള്ള പങ്കാളിത്തം പ്രധാന ആഗോള വിപണികളിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് അദാനി ഗ്രൂപ്പിൻ്റെ പ്രതീക്ഷ. മുന്ദ്ര, എന്നൂർ തുറമുഖങ്ങളിലും അദാനിയും എം എസ് സിയും തമ്മിൽ സഹകരണമുണ്ട്.
എന്നാൽ എംഎസ‍്‍സി- അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എംഎസ്‍സിക്ക് വിഴിഞ്ഞം തുറമുഖത്തിന്‍റെ 49 ശതമാനം ഓഹരികൾ കൈമാറാൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കൺസഷൻ എഗ്രിമെന്റ് പ്രകാരം 25 ശതമാനത്തിൽ കൂടുതൽ ഓഹരി കൈമാറ്റം നടക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ കർശനമായ മുൻകൂർ അംഗീകാരം ആവശ്യമാണ്. ഈ സാഹചര്യത്തിൽ, സംസ്ഥാന താല്പര്യത്തിനു വിരുദ്ധമായി 13000 കോടി രൂപയുടെ ഓഹരി അന്താരാഷ്ട്ര ഷിപ്പിംഗ് ഭീമന് കൈമാറുന്നതിനു പിന്നിലെ ലക്ഷ്യം ദുരൂഹമാണെന്ന് അദ്ദേഹം ഇന്നലെ സഭയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam