
പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി. പത്തനംതിട്ടയിൽ നിന്ന് തുടങ്ങിയ കാൽനട ജാഥ ഇന്ന് ചെറുവള്ളി എസ്റ്റേറ്റിൽ എത്തും.
ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് സമരം. പത്തനംതിട്ട ബസ്സ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് സ്ത്രീകളടക്കമുള്ളവർ കാൽ നടയായി ചെറുവള്ളിയിലേക്ക് മാർച്ച് തുടങ്ങിയത്.
ട്രേഡ് യൂണിയൻ നേതാവും മുൻ എംപിയുമായ തമ്പാൻ തോമസ് മാർച്ച് ഉദ്ഘാടനം ചെയ്തു. വിമാനത്താവള പദ്ധതിയുടെ മറവിൽ ഭൂമി കച്ചവടത്തിനാണ് ശ്രമമെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി ആരോപിക്കുന്നു. ഇന്ന് എസ്റ്റേറ്റിൽ എത്തി കുടിൽകെട്ടി സമരം നടത്തുമെന്നും ദളിത് മുന്നേറ്റ സമിതി വ്യക്തമാക്കി.
വിവിധ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2264 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് ഹാരിസൺസ് പ്ലാന്‍റേഷൻസ് നിയമ വിരുദ്ധമായി ബിലീവേഴ്സ് ചർച്ചിന് വിറ്റിരുന്നു. പിന്നീട് സർക്കാർ പോക്ക് വരവ് റദ്ദു ചെയ്തു. ഈ ഭൂമിയിൽ നിന്ന് 600 ഏക്കർ കോടതിയിൽ പണം അടച്ച് വിമാനത്താവള പദ്ധതിക്ക് ഏറ്റെടുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam