പഠനം ഡിജിറ്റലായി, വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികൾ ക്ലാസിന് പുറത്തും !

By Web TeamFirst Published Jun 3, 2021, 1:36 PM IST
Highlights

9174 കുട്ടികളാണ് ടിവിയോ സ്മാർട്ഫോണോ ഇല്ലാതെ ഡിജിറ്റൽ ക്ലാസ് മുറിക്ക് പുറത്തായതെന്ന് സർക്കാർ കണക്ക്. ഇവർക്കായി വായനശാലകളും അംഗനവാടികളുമൊക്കെ ടിവി കൊണ്ടുവച്ച് പൊതു പഠന കേന്ദ്രങ്ങൾ തുറന്നെങ്കിലും ഫലപ്രദമായില്ല.

കണ്ണൂർ: കൊവിഡിൽ പഠനം ഡിജിറ്റലായതോടെ സംസ്ഥാനത്ത് ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളിൽ പലരും പഠനം ഉപേക്ഷിക്കുന്നു. വയനാട് ആദിവാസി ഊരുകളിലെ കുട്ടികളിൽ 70 ശതമാനവും കഴിഞ്ഞ കൊല്ലം ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുത്തിട്ടില്ല. ഡിജിറ്റൽ സൗകര്യം ഇല്ലാത്തതും വീഡിയോ ക്ലാസുകളോടുള്ള താൽപര്യക്കുറവുമാണ് ഇവരെ അകറ്റുന്നത്. പഠനം പൂർണമായി ഉപേക്ഷിച്ച കുട്ടികളെയും ഊരുകളിൽ കാണാനായി.

വീട്ടിലേക്കുള്ള വഴിയിൽ സുജാതയ്ക്ക് കിട്ടിയതാണ് ഈ കാട്ടുതത്തയെ. പാലും നെൽക്കതിരും കൊടുത്ത് കാട്ടിലേക്ക് പറത്തി വിട്ടെങ്കിലും പിന്നെ എന്നും പക്ഷി കൂട്ടുകാരിയെ തേടി വന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിന് കീഴിലെ നിരവിൽ പുഴ വിവേകാനന്ദ റെസിഡൻഷ്യൽ ട്രൈബൽ വിദ്യാലയത്തിലെ പത്താം ക്ലാസുകാരിയായ സുജാത ഇപ്പോൾ സങ്കടത്തിലാണ്. മൊബൈലോ ഫോണോ എന്തിന് വീട്ടിൽ കരണ്ടുപോലും ഇല്ലാത്തതുകൊണ്ട് ഇക്കൊല്ലം ഒന്നും പഠിക്കാനായില്ല.

സ്കൂൾ പ്രവേശന ഉത്സവം നടന്ന ജൂൺ ഒന്നിന് വയനാട്ടിലെ ആദിവാസി ഊരുകളിലെ കുട്ടികൾ അതെ പറ്റിയൊന്നും ഓർക്കുന്നില്ല. പഠനം മറന്ന ഇവർ പുഴയിൽ ചൂണ്ടയിട്ടും കായ്കനികൾ ശേഖരിച്ചും ഉല്ലാസത്തിലാണ്. വയനാട്ടിലാകെ 9174 കുട്ടികളാണ് ടിവിയോ സ്മാർട്ഫോണോ ഇല്ലാതെ ഡിജിറ്റൽ ക്ലാസ് മുറിക്ക് പുറത്തായതെന്ന് സർക്കാർ കണക്ക്. ഇവർക്കായി വായനശാലകളും അംഗനവാടികളുമൊക്കെ ടിവി കൊണ്ടുവച്ച് പൊതു പഠന കേന്ദ്രങ്ങൾ തുറന്നെങ്കിലും ഫലപ്രദമായില്ല.

ആസൂത്രണം ചെയ്യുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുകയാണെന്ന് ആദിവാസി വിഭാഗത്തിൽ നിന്നും മിടുക്കനായി പഠിച്ച് അധ്യാപകനായ രാജേഷ് പറയുന്നു. വയനാടുപോലെ ഇടുക്കി അട്ടപ്പാടി നിലമ്പുർ ആദിവാസി ഊരുകളിലും സമാനമാണ് സാഹചര്യം. ദളിത് പിന്നാക്ക പ്രദേശങ്ങളിലും തീരദേശത്തും ഡിജിറ്റൽ പഠനം പൂർണതോതിലായിട്ടില്ല. ടിവിയോ സ്മാർട്ട് ഫോണോ ഇല്ലാത്ത നാൽപതിനായിരത്തിലേറെ കുട്ടികൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് സർക്കാർ കണക്ക്. എന്നാൽ പഠനം ഉപേക്ഷിച്ചുപോയ കുട്ടികളെത്രയെന്ന കണക്ക് പുറത്തുവന്നിട്ടില്ല.

click me!