
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ 3 ദിവസത്തിന് ശേഷം സിപിഎം നടപടി. ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടക്കം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യ ഘട്ടങ്ങളിൽ സ്വീകരിച്ചിരുന്നത്. എന്നാൽ ഒടുവിൽ വലിയ വിമർശനം നേരിട്ടതോടെ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം രാജിയെന്നാണ് വിവരം. 3 ദിവസവും പ്രതികരിക്കാതിരുന്ന ദിവ്യ സിപിഎം നടപടിക്ക് പിന്നാലെ പ്രതികരിച്ചതും പാർട്ടി നിർദേശ പ്രകാരമാണ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സിപിഎം സംസ്ഥാന നേതൃത്വം ദിവ്യയെ പുറത്താക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകി. തീരുമാനം വൈകിക്കരുതെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാത്രി എട്ട് മണിക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേർന്നു. ദിവ്യക്കെതിരെ നടപടിയെടുത്തു. പകരം അധ്യക്ഷയായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു.
സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.
പിപി ദിവ്യയെ പ്രതി ചേർത്തു
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയെ പ്രതിചേര്‍ത്തു ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ ടൗണ്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
നാടാകെ നടുങ്ങിയ ഒരു മരണം നടന്ന് മൂന്ന് നാള്‍ പിന്നിടുകയും ജനരോഷം ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നത്. പൊതുവേദിയില്‍ എഡിഎം നവീന്‍ ബാബുവിനെ അധിക്ഷേപിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യക്കെതിരെ ആത്മഹത്യ കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭാക്കാവുന്ന കുറ്റം ചുമത്തിയാണ് പൊലീസ് കണ്ണൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
നവീന്‍ ബാബുവിന്‍റെ മരണത്തിന് പിന്നാലെ അസ്വഭാവിക മരണത്തിന് കേസ് എടുത്തിരുന്ന പൊലീസ് ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. നിലവില്‍ ദിവ്യയെ മാത്രമാണ് പ്രതി ചേര്‍ത്തിട്ടുളളതെങ്കിലും കൂടുതല്‍ പേര്‍ പ്രതികളാകാനും സാധ്യതയുമുണ്ട്. ദിവ്യയ്ക്കും പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ പ്രശാന്തിനുമെതിരെ നവീന്‍റെ കുടുംബം പരാതിയും നല്‍കിയിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്ത സാഹചര്യത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യുന്നതടക്കമുളള കാര്യങ്ങളില്‍ പൊലീസ് അവ്യക്തത തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam