
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പിപി ദിവ്യക്കതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി.
ജില്ലാ പഞ്ചായത്തിന് മുന്നില്‍ പിപി ദിവ്യയുടെ കോലം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പഞ്ചായത്തിന് മുന്നില്‍ നിന്ന് നീക്കിയത്. പ്രതിഷേധത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ജില്ലാ പഞ്ചായത്തിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുായി എത്തിയിരുന്നു. പഞ്ചായത്തിനകത്ത് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിക്കുന്നിൽ ദേശീയപാത ഉപരോധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേ സമയം എഡിഎമ്മിന്റെ ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കേസെടുത്ത് നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ വിനീത് തോമസാണ് പരാതി നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam