
തിരുവനന്തപുരം: ഇരട്ട വോട്ട് ആരോപണം രാജ്യമാകെ കത്തിപ്പടരുമ്പോൾ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ഉന്നയിക്കപ്പെട്ട ആറ്റിങ്ങൽ മണ്ഡലത്തിൽ ഇപ്പോഴും ഒന്നരലക്ഷത്തോളം കള്ളവോട്ടുണ്ടെന്ന് എംപി അടൂര്‍ പ്രകാശിന്‍റെ ആരോപണം. 2019 ലെ ക്രമക്കേടിൽ സിപിഎമ്മായിരുന്നു പ്രതിസ്ഥാനത്തെങ്കിൽ 2024ലെ തെരഞ്ഞെടുപ്പിൽ ആരോപണ നിഴലിൽ ബിജെപിയുമുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു. തെറ്റുതിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്ത സ്ഥിതിക്ക് നിയമപരമായ തുടര്‍നടപടിക്ക് ഒരുങ്ങുകയാണെന്ന് അടൂര്‍ പ്രകാശ് പറയുന്നു.
2019ൽ യുഡിഎഫിന്‍റെ അപ്രതീക്ഷിത സ്താനാര്‍ത്ഥിയായി ആറ്റിങ്ങലെത്തിയ അടൂര്‍പ്രകാശ് മണ്ഡലത്തിൽ 1,14,000 കള്ളവോട്ട് ഉണ്ടെന്ന് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും കാര്യമായി ഒരു നടപടിയും ഉണ്ടായില്ലെന്നും ബൂത്ത് തലത്തിൽ എടുത്ത ജാഗ്രത ഒന്നുകൊണ്ട് മാത്രം 52000 ത്തോളം കള്ളവോട്ട് രേഖപ്പെടുത്താതെ പോയെന്നും പറയുന്ന അടൂര്‍ പ്രകാശ് 2024 ലെ തെരഞ്ഞെടുപ്പായപ്പോൾ ആറ്റിങ്ങലിലെ കള്ളവോട്ട് 1,64000 ആയി കൂടിയെന്നാണ് പറയുന്നത്. സിപിഎം മാത്രമല്ല ബിജെപിക്കും പ്രധാന പങ്ക് ഉണ്ടെന്നാണ് അടൂർ പ്രകാശിന്‍റെ ആക്ഷേപം.
കൈവശമുള്ളത് 100 ശതമാനം കൃത്യമായ ഡാറ്റ എന്ന് പറയാനാകില്ലെന്ന് ഇടതുമുന്നണി സമ്മതിക്കുന്നുണ്ട്. താമസം മാറിപ്പോയവരും മരിച്ച് പോയവരും എല്ലാം പട്ടികയിൽ അങ്ങിങ്ങ് ഇപ്പോഴുമുണ്ട്. വ്യാപക തിരിമറിയെന്ന് പറയുന്നതല്ലാതെ ഒരു തെളിവ് പോലും പുറത്ത് വിടാൻ അടൂര്‍ പ്രകാശ് തയ്യാറായിട്ടില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചത്.
ബിജെപി കാഴ്ചവച്ച മികച്ച പ്രകടനം ആണ് പ്രശ്നമെങ്കിൽ അത് മണ്ഡലത്തിലെ രാഷ്ട്രീയ ചായ്വിലുണ്ടായ മാറ്റമാണെന്നും അതിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ലെന്നുമാണ് ബിജെപി പറയുന്നത്. പട്ടികയിൽ ഒരുലക്ഷത്തി 64 ആയിരം കള്ളവോട്ട് ചൂണ്ടിക്കാട്ടുമ്പോൾ അത്രതന്നെ അപേക്ഷകളിൽ തിരുത്ത് ആവശ്യപ്പെടണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനരെ നിലപാടെന്നാണ് അടൂര്‍ പ്രകാശിന്‍റെ ആരോപണം. വിശദമായ കണക്കെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോടതിയെ സമീപിക്കാനാണ് എംപിയുടെ നീക്കം.