
തിരുവനന്തപുരം : സംസ്ഥാനത്തെ ഞെട്ടിച്ച് ദിവസങ്ങൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം. കാസർഗോഡ് പെൺകുട്ടി മരിച്ചതിന്റെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയാൽ ഉടൻ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കേസെടുക്കുമ്പോൾ ശക്തമായ വകുപ്പുകൾ ചുമത്തണം. ഭക്ഷണത്തിൽ മായം ചേർക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടിയാൽ പിന്നെ തുറക്കാൻ കഴിയില്ല.
സംസ്ഥാനത്ത് മുഴുവൻ പരിശോധന അധികാരമുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ രൂപീകരിക്കും. പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ തന്നെ പുറത്തിറങ്ങും. ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ നടപടിയെടുക്കാനുള്ള സാഹചര്യം സർക്കാർ ഉറപ്പുവരുത്തും. ഉദ്യോഗസ്ഥർ നിയമങ്ങൾ ദുരുപയോഗം ചെയ്യാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
സദ്ഉദ്ദേശത്തോടെ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ പരിരക്ഷിക്കും. സമ്മർദ്ദങ്ങൾക്ക് അടിപ്പെടേണ്ടതില്ല. നോട്ടീസുകളും നടപടികളും സ്പോട്ടിൽ വച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. നിലവിലെ സാഹചര്യത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന ലൈസൻസും നടപടികളും ശക്തമാണെന്ന് വകുപ്പുമായി ചേർന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കുഴിമന്തി കഴിച്ച് കാസർഗോഡ് സ്വദേശിയായ അഞ്ജുശ്രീ പാർവ്വതി മരിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേരത്തേ കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് രമ്യയെന്ന യുവതിയും മരിച്ചു. ഈ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
Read More : ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കാസർകോട്ടെ പെൺകുട്ടി മരിച്ചത് കുഴിമന്തി കഴിച്ച ശേഷം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam