നിയമസഭാ കൈയ്യാങ്കളി കേസ്: തിരിച്ചടി മുൻപേ പ്രവചിച്ച് സർക്കാർ അഭിഭാഷക, തുരത്തിയോടിച്ച് സർക്കാർ

By Web TeamFirst Published Jul 28, 2021, 2:47 PM IST
Highlights

കൈയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം തുടങ്ങിയപ്പോൾ സിജെഎം കോടതിയിലെ സർക്കാർ അഭിഭാഷകയായ ബീന അതിനെ എതിർത്തു. ഹർജി തിരിച്ചടിക്കും എന്ന് നിലപാട് എടുത്ത ബീനയെ പിന്നെ സർക്കാർ കൈകാര്യം ചെയ്തു. 

തിരുവനന്തപുരം: സിജെഎം കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിയമസഭാ കൈയ്യാങ്കളി കേസിൽ സർക്കാർ പരാജയം ഏറ്റുവാങ്ങുമ്പോൾ എത്രമൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് ഒരിക്കൽ കൂടി തിരിച്ചറിയുകയാണ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ആയിരുന്ന ബീനാ സതീഷ്. 

തിരുവനന്തപുരം സിജെഎം കോടതിയിൽ നിയമസഭാ കൈയ്യാങ്കളി കേസ് വിചാരണയ്ക്ക് എത്തിയപ്പോൾ കേസ് പിൻവലിക്കണമെന്ന നിർദേശമാണ് സർക്കാർ പ്രോസിക്യൂട്ടറായിരുന്ന ബീനയ്ക്ക് നൽകിയത്. ഇതിനായി ഹർജി ഫയൽ ചെയ്യാനും ബീനയ്ക്ക് മുകളിൽ നിന്നും നിർദേശം ലഭിച്ചു. എന്നാൽ ലോകം മുഴുവൻ തത്സമയം കാണുകയും ദേശീയ തലത്തിൽ പോലും വിവാദമാക്കുകയും ചെയ്ത ഈ നിയമസഭാ കൈയ്യാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന് ബീന നിലപാട് എടുത്തു. കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചാലും കോടതിക്ക് മുന്നിൽ വാദിക്കാൻ യാതൊന്നുമില്ലെന്നുള്ള യഥാർത്ഥ്യവും ബീന ഉന്നതഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചു. 

സിജെഎം കോടതിയിൽ സർക്കാർ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായ കടുത്ത നിലപാട് എടുത്തതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെ ബീനയെ മറികടന്ന് പ്രതികൾക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു. ഹർജിയിൽ നടന്ന വാദത്തിനിടെ ബീനയും പ്രതികൾക്കായി സിപിഎം കൊണ്ടു വന്ന അഭിഭാഷകൻ കെ.രാജഗോപാലൻ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ നടന്നത്. സർക്കാർ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിൻ്റെ വാദം അംഗീകരിച്ച കോടതി രൂക്ഷവിമർശനം നടത്തി കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളി. 

കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടർന്നങ്ങോട്ട് തനിക്ക് ഏൽക്കേണ്ടി വന്നതെന്ന് ബീന ഓർക്കുന്നു. സിജെഎം കോടതിയിലേറ്റ തിരിച്ചടിക്ക് പ്രതികാര നടപടിയെന്നോണം ബീനയെ സർക്കാർ സ്ഥലം മാറ്റി. വിരമിക്കാൻ ഏഴ് മാസം ബാക്കി നിൽക്കുമ്പോൾ ആയിരുന്നു തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റം. നല്ലൊരു ശുചി മുറിയില്ലാത്ത ആലപ്പുഴ ഓഫീസിലേക്കുള്ള സ്ഥലം മാറ്റം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ബീന പറയുന്നു. 

ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെട്ടലും വേട്ടായടലും ബീനയെ മാനസികമായി തളർത്തി. ഇതിനിടെ സർവ്വീസിൽ നിന്നും വിരമിച്ചിട്ടും മാനസികസമ്മർദ്ദം ആരോഗ്യത്തെ കൂടി ബാധിച്ച അവസ്ഥയിൽ തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിലാണ് ബീനാ സതീഷ് ഇപ്പോൾ. ബീന എതിർത്തിട്ടും സിജെഎം കോടതിയിലും പിന്നീട്  ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജിയുമായി പോയ സർക്കാരിന് എല്ലായിടത്തും നല്ല പ്രഹരമാണ് കിട്ടിയത്. ഒടുവിൽ ബീനയെ തുരത്തിയോടിച്ച അതേ സിജെഎം കോടതിയിലേക്ക്  കേസ് തിരിച്ചെത്തുകയും ചെയ്യുന്നു. 

ഔദ്യോഗിക ജീവിതത്തിൽ ഒരു കുറ്റാരോപണ മെമ്മോ പോലും വാങ്ങിയിട്ടില്ലാത്ത താൻ എന്തിനിങ്ങനെ വേട്ടയാടപ്പെട്ടുവെന്ന് ബീനയ്ക്ക് അറിയില്ല. ഏത് സർക്കാരായാലും എടുക്കുന്ന നിലപാട് തെറ്റാണെങ്കിൽ അതു തുറന്നു പറയാൻ സർക്കാർ അഭിഭാഷകർക്ക് കഴിയണമെന്ന് ബീന പറടയുന്നു. അതു മാത്രമാണ് താൻ ചെയ്തത്. മാസങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ ഹൈക്കോടതിക്ക് പിന്നാലെ പരമോന്നത നീതിപീഠവും തൻ്റെ നിലപാട് അംഗീകരിക്കുന്നതിൻ്റെ ചാരിതാർത്ഥ്യത്തിലാണ് ബീനയിപ്പോൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!